മലപ്പുറം: മഴക്കെടുതിമൂലമുണ്ടാകുന്ന അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ഏകോപനത്തോടെ പ്രവര്‍ത്തിക്കാന്‍ വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ക്ക് കലക്ടറുടെ നിര്‍ദേശം. ജില്ലയില്‍ അതിശക്തമായ മഴയുണ്ടാകുമെന്ന കേന്ദ്ര കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് കലക്ടര്‍ വി ആര്‍ പ്രേംകുമാര്‍ ദുരന്ത നിവാരണ അതോറിറ്റിയുടെ അടിയന്തര യോഗം ചേര്‍ന്നത്.
അടിയന്തര സാഹചര്യത്തില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ സംവിധാനമുണ്ടാക്കും. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വള്ളങ്ങള്‍ സജ്ജമാക്കാനും ആവശ്യമുള്ള സ്ഥലങ്ങളില്‍ എത്തിക്കാനും ഫിഷറീസ്, ഗതാഗത വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. വനമേഖലയില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കാന്‍ സംവിധാനമൊരുക്കും. അപകടകരമായ മരങ്ങളും മരച്ചില്ലകളും മുറിച്ചുമാറ്റാന്‍ നടപടി സ്വീകരിക്കും. ദുരന്ത സാഹചര്യങ്ങളില്‍ വളര്‍ത്തുമൃഗങ്ങളെ സുരക്ഷിതമായി പാര്‍പ്പിക്കാന്‍ സൗകര്യമൊരുക്കും. നദികളിലെ ചെളി നീക്കംചെയ്യുന്ന പ്രവൃത്തി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.