ചമ്രവട്ടം പാലത്തിലെ കടന്നല്‍ക്കൂടുകള്‍ കാല്‍നടയാത്രക്കാര്‍ക്കും സമീപത്തുള്ളവര്‍ക്കും ഭീഷണിയാകുന്നു. കഴിഞ്ഞ ദിവസം കൂടിളകി വന്ന കടന്നലുകള്‍ പാലത്തിനു സമീപത്തുണ്ടായിരുന്ന ലോട്ടറി വില്‍പനക്കാരനെ കുത്തിയിരുന്നു. കടന്നല്‍ പിന്നാലെ പറന്നതോടെ 2 അതിഥിത്തൊഴിലാളികള്‍ ഭയന്ന് പുഴയിലേക്കു ചാടി. തിങ്കളാഴ്ച രാവിലെയാണു സംഭവം. ചമ്രവട്ടം പാലത്തിനടിയിലെ തൂണുകള്‍ക്കു മുകളിലാണ് 6 ഭീമന്‍ കടന്നല്‍ക്കൂടുകളുള്ളത്.
ഇതിലൊന്നില്‍ പക്ഷിയോ മറ്റോ വന്നിടിച്ച് കടന്നലുകള്‍ കൂട്ടത്തോടെ ഇളകുകയായിരുന്നു. ഈ സമയം പാലത്തിനു മുകളിലൂടെ പോകുകയായിരുന്ന 2 അതിഥിത്തൊഴിലാളികളുടെ നേര്‍ക്ക് കടന്നലുകള്‍ കൂട്ടത്തോടെയെത്തി. ഇതോടെ ഇരുവരും ഓടി ചമ്രവട്ടം ക്ഷേത്രത്തിലേക്കുള്ള വഴിയിലൂടെയെത്തി പുഴയിലേക്കു ചാടി. സൈതലവി എന്ന ലോട്ടറി വില്‍പനക്കാരനെ കടന്നലുകള്‍ ആക്രമിച്ചു.
ദേഹത്ത് മുപ്പതോളം കുത്തുകളേറ്റിട്ടുണ്ട്. സൈതലവി കുത്തേറ്റ് പിടയുന്നതു കണ്ട് ക്ഷേത്രത്തിനു സമീപമുണ്ടായിരുന്ന സുന്ദരന്‍ ഓടിയെത്തി ഷീറ്റ് കൊണ്ട് പൊതിഞ്ഞു. ഇതിനിടെ സുന്ദരനും കുത്തേറ്റു. സംഭവമറിഞ്ഞ് കൂടുതല്‍ പേര്‍ ഓടിയെത്തിയെങ്കിലും കടന്നലുകള്‍ പോകാതെ ഇവര്‍ക്ക് അടുക്കാന്‍ സാധിച്ചില്ല. കടന്നലുകള്‍ പോയ ശേഷമാണ് മറ്റുള്ളവര്‍ക്ക് അടുക്കാന്‍ സാധിച്ചത്. തുടര്‍ന്ന് കുത്തേറ്റവരെ ആലത്തിയൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി.