തിരുവന്തപുരം: 26ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമാവാൻ സാധിച്ചതിൽ ഒരുപാട് സന്തോഷമെന്ന് നടി ഭാവന. ഉദ്ഘാടന വേദിയിൽ സംസാരിക്കുകയായിരുന്നു അപ്രതീക്ഷിത അതിഥിയായെത്തിയ ഭാവന. പോരാടുന്ന എല്ലാ സ്ത്രീകൾക്കും എല്ലാവിധ ആശംസകൾ നേരുന്നതായും നടി പറഞ്ഞു.
നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിലാണ് ഭാവന എത്തിയത്. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്താണ് ഭാവനയെ വേദിയിലേക്ക് സ്വാഗതം ചെയ്തത്. ‘പോരാട്ടത്തിന്റെ പെൺപ്രതീകം’ എന്നാണ് ഭാവനയെ അദ്ദേഹം അഭിസംബോധന ചെയ്തത്.
സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്‍ (കെഎസ്എഫ്ഡിസി) ചെയർമാനും ചലച്ചിത്ര സംവിധായകനും ഛായാഗ്രഹകനുമായ ഷാജി എൻ കരുൺ നടിക്ക് പൂക്കൾ നൽകി. ഉദ്ഘാടന വേദിയിലെത്തിയ ഭാവനയെ നിറകൈയടികളോടെയാണ് വേദിയിലും സദസിലുമുള്ളവർ വരവേറ്റത്.
സംവിധായകനും നടനും തിരക്കഥാകൃത്തും നിർമാതാവുമായ അനുരാഗ് കശ്യപാണ് ഐഎഫ്എഫ്കെയുടെ മുഖ്യാതിഥി. അതിക്രമം നേരിട്ട ശേഷം ആദ്യമായാണ് അതിജീവിതയായ നടി പൊതുവേദിയിൽ എത്തുന്നത്.