താമരശ്ശേരി ചുങ്കത്ത് പ്രവര്‍ത്തിക്കുന്ന റോയല്‍ ബിഗ് മാര്‍ട്ടില്‍ കൃത്രിമ നിറം ചേര്‍ത്ത ശര്‍ക്കര വിറ്റ കേസില്‍ കോടതി നടപടി സ്വീകരിച്ചു. സ്ഥാപന ഉടമയ്ക്ക് 2 ലക്ഷം രൂപ പിഴയും തടവുമാണ് താമരശ്ശേരി ജൂഡിഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി വിധിച്ചത്. അനുവദനീയമല്ലാത്തതും ശരീരത്തിന് ഹാനികരവുമായ റോഡമിന്‍ ബി എന്ന ഡൈ ചേര്‍ത്ത ശര്‍ക്കര വിറ്റ കേസിലാണ് ശിക്ഷ വിധിച്ചത്.
2020 ജനുവരി 11നാണ് അന്നത്തെ ഫുഡ് സേഫ്റ്റി ഓഫീസര്‍ ആയിരുന്ന ഡോ. സനിന മജീദ് ശര്‍ക്കരയുടെ സാമ്പിള്‍ ശേഖരിച്ചത്. തുടര്‍ന്ന് ചുമതലയേറ്റ ഫുഡ് സേഫ്റ്റി ഓഫീസര്‍ ടി. രേഷ്മ പരിശോധനാഫലം ലഭിച്ചതിനുശേഷം ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തു.
അനുവദനീയമല്ലാത്ത രാസവസ്തുക്കള്‍ ഭക്ഷണത്തില്‍ ചേര്‍ത്താല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മിഷണര്‍ സക്കീര്‍ ഹുസൈന്‍ അറിയിച്ചു. ലാബ് റിസള്‍ട്ടുകളില്‍ റോഡമിന്റെ സാന്നിധ്യം എന്‍ഫോര്‍സ്‌മെന്റ് നടപടികളുടെ ഭാഗമായി കുറഞ്ഞ് വരുന്നുണ്ട്. ഇത്തരം വസ്തുക്കള്‍ വരുന്ന ചാക്കില്‍ ലേബല്‍ ഉണ്ടെന്ന് വ്യാപാരികള്‍ ഉറപ്പ് വരുത്തണമെന്നും വാങ്ങിയ ബില്ലുകള്‍ സൂക്ഷിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.