തിരുവനന്തപുരം: ക്ഷേത്രങ്ങളില്‍ ഇനിമുതല്‍ പൂജയ്ക്കായും നിവേദ്യത്തിലും അര്‍ച്ചന പ്രസാദത്തിലും അരളിപ്പൂവ് ഉപയോഗിക്കേണ്ടെന്ന് ഉത്തരവിറക്കി തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്. അരളിപ്പൂവില്‍ വിഷാംശം ഉണ്ടെന്ന ആശങ്കയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. അരളിക്ക് പകരം തെച്ചി, തുളസി തുടങ്ങിയവ ഉപയോഗിക്കും.
ദേവസ്വംബോര്‍ഡിന്റെ യോഗത്തിലാണ് പുതിയ തീരുമാനം. അതേസമയം, അരളിപ്പൂവ് പൂര്‍ണമായും ക്ഷേത്ര ആവശ്യങ്ങളില്‍നിന്നും ഒഴിവാക്കില്ല. അരളിപ്പൂവ് ഉപയോഗിച്ചുള്ള ഹാരം ചാര്‍ത്തല്‍, പുഷ്പാഭിഷേകം, പൂമൂടല്‍ പോലെയുള്ള ചടങ്ങുകള്‍ എന്നിവയ്‌ക്കെല്ലാം ക്ഷേത്രങ്ങളില്‍ അരളിപ്പൂവിന്റെ ഉപയോഗം തുടരും.
കഴിക്കുന്ന പ്രസാദത്തിനൊപ്പവും നെറ്റിയില്‍ തൊടുന്ന പ്രസാദത്തിനൊപ്പവും അരളിപ്പൂവ് ഭക്തജനങ്ങള്‍ക്ക് കൈയില്‍ കിട്ടുമ്പോള്‍ അത് ശരീരത്തിനുള്ളിലേക്ക് പോകാനുള്ള സാധ്യതയുണ്ട്. ഈ സാധ്യത കണക്കിലെടുത്താണ് അരളിപ്പൂവ് നിവേദ്യത്തില്‍നിന്നും അര്‍ച്ചനയില്‍നിന്നും ഒഴിവാക്കാനുള്ള തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.