ദില്ലി: കേരളത്തിനുള്ള ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് കേന്ദ്ര സര്‍ക്കാരിന്റെ സജീവ പരിഗണയിലെന്ന് കേന്ദ്ര ആരോഗ്യ സഹ മന്ത്രി ഭാരതി പ്രവീണ്‍ പവാര്‍ കെ. മുരളീധരന്‍ എംപിയെ അറിയിച്ചു. പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന പ്രകാരം എല്ലാ സംസ്ഥാനങ്ങളിലും എയിംസ് സ്ഥാപിക്കുക എന്നതാണ് കേന്ദ്ര സര്‍കാറിന്റെ നയമെന്ന് കേന്ദ്ര മന്ത്രി അറിയിച്ചു.
കേരളം എയിംസ് സ്ഥാപിക്കുന്നതിന് നാലു സ്ഥലങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കേരളാ എയിംസിന് തത്വത്തില്‍ അംഗീകാരം നല്കുന്നതിനുവേണ്ടി ഇപ്പോള്‍ കേന്ദ്ര ധനകാര്യ വകുപ്പിന്റെ പരിഗണനയിലാണ്. ഇതോടൊപ്പം ദേശീയ ആരോഗ്യ മിഷന്‍ സംസ്ഥാനങ്ങള്‍ക്ക് അവയുടെ പ്രോഗ്രാം ഇമ്പ്‌ലീമെന്റേഷന്‍ പ്ലാന്‍ അനുസരിച്ചു വേണ്ട സഹായങ്ങള്‍ നല്‍കുന്നുണ്ടെന്നും കേരളത്തിനും ഇത്തരം സഹായം നല്‍കാന്‍ കേന്ദ്രം ഉദ്ദേശിക്കുന്നുവെന്നും കേന്ദ്ര മന്ത്രി അറിയിച്ചു.