ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ എഐ ഡ്രോണ്‍ ക്യാമറകള്‍ വൈകാതെ രംഗത്തിറക്കുമെന്നു ഗതാഗത, റോഡ് സുരക്ഷാ കമ്മിഷണര്‍ എസ്. ശ്രീജിത്ത്. ഒരു ജില്ലയില്‍ പത്തെണ്ണം വീതം സംസ്ഥാനമൊട്ടാകെയുള്ള ഉപയോഗത്തിനു 140 ഡ്രോണ്‍ ക്യാമറകളെങ്കിലും ഏര്‍പ്പെടുത്താനാണു ശ്രമം. ഭാരമേറിയ എഐ ക്യാമറകള്‍ ഘടിപ്പിക്കാന്‍ ശേഷിയുള്ള പ്രത്യേക ഡ്രോണുകള്‍ നിര്‍മിക്കാന്‍ വിവിധ ഏജന്‍സികളുമായി മോട്ടര്‍ വാഹന വകുപ്പു ചര്‍ച്ച തുടരുകയാണ്. ഡ്രോണില്‍ സ്ഥാപിച്ച എഐ ക്യാമറകള്‍ മൊബൈല്‍ യൂണിറ്റുകളായാണു പ്രവര്‍ത്തിക്കുക.
ഡ്രോണ്‍ നിയന്ത്രണത്തിനുള്ള സംവിധാനം സജ്ജമാക്കിയ ഈ വാഹനങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ നിര്‍ത്തിയിട്ട ശേഷം 5 കിലോമീറ്റര്‍ ചുറ്റളവിലെ റോഡുകളില്‍ നിരീക്ഷണം നടത്തി നിയമലംഘനങ്ങള്‍ കണ്ടെത്തുകയാണു ചെയ്യുക. നിലവില്‍ എഐ ക്യാമറകള്‍ സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങള്‍ വിവിധ ആപ്പുകള്‍ മുഖേന കണ്ടെത്തി അവിടെ മാത്രം നിയമാനുസൃതം വാഹനം ഓടിക്കുകയും ഈ മേഖല മറികടന്നാല്‍ നിയമലംഘനം നടത്തുകയും ചെയ്യുന്ന പ്രവണതയ്ക്കു തടയിടാനാണു ഡ്രോണ്‍ എഐ ക്യാമറകള്‍. എഐ ക്യാമറകള്‍! കണ്ടെത്തുന്ന നിയമ ലംഘനവുമായി ബന്ധപ്പെട്ട കേസുകളില്‍ അപ്പീല്‍ സമര്‍പ്പിക്കാന്‍ പോര്‍ട്ടല്‍ ആരംഭിക്കുമെന്നും ശ്രീജിത് പറഞ്ഞു.
റോഡപകട മരണങ്ങള്‍ ഗണ്യമായി കുറയുന്നതിലൂടെ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കുണ്ടാകുന്ന വന്‍ലാഭത്തിന് അനുസൃതമായി വാഹന ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ കുറവു വരുത്താന്‍ ഇന്‍ഷുറന്‍സ് കമ്പനികളുമായി ചര്‍ച്ച നടത്തുന്നുണ്ടെന്ന് എസ്.ശ്രീജിത്ത് പറഞ്ഞു. കഴിഞ്ഞ ഓഗസ്റ്റിനെ അപേക്ഷിച്ച് 249 അപകടമരണങ്ങള്‍ ഈ ഓഗസ്റ്റില്‍ കുറഞ്ഞിട്ടുണ്ട്. ഇതിലൂടെ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കുണ്ടായ ലാഭം 100 കോടിയോളം രൂപയാണ്. ഈ ലാഭം വാഹനഉടമകള്‍ക്കു കൂടി ലഭ്യമാകും വിധത്തില്‍ പ്രീമിയത്തില്‍ കുറവു ചെയ്താല്‍ നിയമങ്ങള്‍ പാലിച്ചു വാഹനം ഓടിക്കുന്നവര്‍ക്കു പ്രോത്സാഹനമാകും.