തിരുവനന്തപുരം
എഐ ക്യാമറ നിരവധി തവണ നിയമലംഘനം കണ്ടെത്തി പിഴ ഈടാക്കിയെങ്കിലും നോട്ടീസ് അയക്കാത്തതിനെ തുടര്‍ന്ന് വെട്ടിലായിരിക്കുകയാണ് ബേക്കറി ജീവനക്കാരനായ 65കാരന്‍. കാട്ടാക്കട കിള്ളിയിലെ ബേക്കറി ജീവനക്കാരനായ അഗസ്റ്റിനാണ് 310 തവണ എ.ഐ കാമറ പെറ്റി അടിച്ചത്. എന്നാല്‍ പിഴ മൊത്തം ഒന്നരലക്ഷം കഴിഞ്ഞിട്ടും നോട്ടീസ് കിട്ടാത്തതിനാല്‍ ഇക്കാര്യം അഗസ്റ്റിന്‍ അറിഞ്ഞിരുന്നില്ല.
കിള്ളി എട്ടിരുത്തിയിലെ ബേക്കറിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് കിള്ളി കുരുവിമുകള്‍ അനുഭവനില്‍ അഗസ്റ്റിന്‍ (65). മകന്റെ പേരിലുള്ള ബൈക്കിലാണ് അഗസ്റ്റിന്‍ ബേക്കറിയിലേക്കും ഭക്ഷണഡെലിവറിക്കായും ഉപയോഗിച്ചിരുന്നത്. കഴിഞ്ഞ ദിവസം അഗസ്റ്റിന്റെ സുഹൃത്ത് ബൈക്കിന് പെറ്റി വല്ലതുണ്ടോ എന്ന് മൊബൈല്‍ ഫോണില്‍ പരിശോധിച്ചപ്പോഴാണ് 310 തവണയായി ഒന്നരലക്ഷത്തിലേറെ പെറ്റി ലഭിച്ച കാര്യം അറിയുന്നത്.
അഗസ്റ്റിന്‍ സെക്യൂരിറ്റിയായി ജോലി ചെയ്യുന്ന ബേക്കറിക്ക് മുന്നിലുള്ള എ.ഐ കാമറയിലാണ് ഹെല്‍മെറ്റ് ധരിക്കാതെയുള്ള അഗസ്റ്റിന്റെ യാത്ര പിടികൂടിയത്. ഈ എഐ ക്യാമറ പ്രവര്‍ത്തനരഹിതമാണെന്ന പ്രചാരണം കാരണം ഈ ഭാഗത്തുള്ളവര്‍ ഹെല്‍മെറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നത് പതിവാണെന്ന് ഇവിടുത്തെ വ്യാപാരികള്‍ പറയുന്നു.
എന്നാല്‍ ഇത്രയും തവണ പെറ്റിയിട്ടിട്ടും ഒരുനോട്ടീസ് പോലും ലഭിക്കാത്തതാണ് നിയമലംഘനം തുടരാന്‍ ഇടയാക്കിയത്. ദാരിദ്ര്യം നിമിത്തം മരുന്ന് വാങ്ങുന്നതിന് വേണ്ടിയാണ് ഹൃദ്രോഗിയായ താന്‍ ബേക്കറിയില്‍ സെക്യൂരിറ്റി ജോലിയും ഭക്ഷണം കൊണ്ട് കൊടുക്കുന്ന ജോലിയിലും ഏര്‍പ്പെട്ടതെന്ന് അഗസ്റ്റിന്‍ പറയുന്നു.