ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുന്നതിനിടെ റോഡിലെ കുഴിയില്‍ വീണ് യുവാവിന് ദാരുണാന്ത്യം. പാലക്കാട് – പൊന്നാനി പാതയിലെ കൂനംമൂച്ചിയിലാണ് സംഭവം. പടിഞ്ഞാറങ്ങാടി കരിമ്പനക്കുന്ന് സ്വദേശി വാക്കേല വളപ്പില്‍ സാബിര്‍ (27) ആണ് അപകടത്തില്‍ മരിച്ചത്.
കൂടെ ഉണ്ടായിരുന്ന യുവാവിന് തലക്കും മൂക്കിനും സാരമായ പരിക്കേറ്റു. വെള്ളിയാഴ്ച്ച വൈകീട്ട് മൂന്നരയോടെയായിരുന്നു അപകടം. പാതയിലെ കുഴിയില്‍ തെന്നിവീണ ഇരുവരും പാതയോരത്തേക്ക് തെറിച്ച് വീഴുകയായിരുന്നു.
സാബിറിന്റെ കഴുത്തിലേക്ക് സമീപത്തുണ്ടായിരുന്ന മരക്കഷ്ണം തുളച്ചുകയറിയതായാണ് അപകടത്തിന്റെ ആഘാതം കൂട്ടിയത്. ഉടനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ട് പോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. പ്രവാസിയായ സാബിര്‍ ലീവിന് നാട്ടില്‍ വന്നതായിരുന്നു.അടുത്ത ദിവസം തിരിച്ച് പോകാന്‍ വേണ്ടി ടിക്കറ്റ് എടുത്തിരിക്കെയാണ് ദാരുണാന്ത്യം സംഭവിച്ചത്.