തെരുവുനായ്ക്കള്‍ക്കു ഭക്ഷണം കൊടുക്കുന്നതിനിടെ നായയുടെ നഖം കൊണ്ട് പോറലേറ്റ യുവതി പേവിഷബാധയേറ്റു മരിച്ചു. അഞ്ചുതെങ്ങ് അല്‍ഫോന്‍സ കോട്ടേജില്‍ സ്റ്റെഫിന്‍ വി.പെരേര(49)യാണു മരിച്ചത്.
സഹോദരന്റെ ചികിത്സാര്‍ഥം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൂടെയുണ്ടായിരുന്ന സ്റ്റെഫിനെ പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ചികിത്സയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് മരിച്ചു. അഞ്ചുതെങ്ങിലെ കുടുംബവീട്ടില്‍ ഒറ്റയ്ക്കു കഴിയുകയായിരുന്ന സഹോദരന്‍ ചാള്‍സിന്റെ ചികിത്സാകാര്യങ്ങള്‍ക്കു സഹായിയായാണ് ഇക്കഴിഞ്ഞ ഏഴിനു സ്റ്റെഫിന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയത്.
ഒന്‍പതിന്, പേവിഷബാധയേറ്റതുമായി ബന്ധപ്പെട്ട അസ്വസ്ഥതകള്‍ ഉണ്ടായി. തുടര്‍ന്നു ഡോക്ടര്‍മാര്‍ വിശദമായി വിവരങ്ങള്‍ തിരക്കിയപ്പോഴാണ് അഞ്ചുതെങ്ങിലെ വീട്ടില്‍ തെരുവുനായ്ക്കള്‍ക്കു ഭക്ഷണം കൊടുക്കുന്നതിനിടെ നായ്ക്കൂട്ടത്തിലൊരെണ്ണം കയ്യില്‍ മാന്തിയ വിവരം സ്റ്റെഫിന്‍ പറയുന്നത്. സംസ്‌കാരം നടത്തി. മറ്റു സഹോദരങ്ങള്‍: ഹെന്റി, ഫെറിയോണ്‍, പരേതനായ മാത്യു.