തൃശ്ശൂർ കൊടകരയിൽ പാഴ്സൽ സർവീസിന്റെ മറവിൽ കടത്താൻ ശ്രമിച്ച വൻ രാസലഹരി ശേഖരം പോലീസ് പിടികൂടി. കളമശ്ശേരിയിലെ സ്വകാര്യ പാഴ്സൽ കമ്പനിയുടെ ഡ്രൈവർ മുഹമ്മദ് ഫാസിലാണ് കൊടകര പൊലീസിന്റെയും ഡാൻസാഫിന്റെയും സംയുക്ത പരിശോധനയിൽ പിടിയിലായത്. ലോറിയിലെ കാർഗോ ബോക്സുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്.
ദേശീയപാതയിൽ കൊടകര പേരാമ്പ്ര ഫ്ലൈഓവറിന് സമീപം ഇന്ന് പുലർച്ചെ രണ്ട് നാൽപ്പത്തിയഞ്ചോടെയായിരുന്നു പൊലീസിന്റെ നിർണായക പരിശോധന. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തൃശ്ശൂർ സിറ്റി ഡാൻസാഫ് സംഘവും കൊടകര പൊലീസും ചേർന്നാണ് പാഴ്സൽ ലോറി തടഞ്ഞുനിർത്തിയത്. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് കാർഗോ ബോക്സുകൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ 198 ഗ്രാം എം.ഡി.എം.എ.യും നാല് എൽ.എസ്.ഡി. സ്റ്റാമ്പുകളും കണ്ടെത്തിയത്.
കളമശ്ശേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ പാഴ്‌സൽ കമ്പനിയിൽ കഴിഞ്ഞ ഒരു വർഷമായി ഡ്രൈവറായി ജോലി ചെയ്തുവരികയാണ് പിടിയിലായ മുഹമ്മദ് ഫാസിൽ. ബെംഗളൂരുവിൽ നിന്ന് പാഴ്‌സലുകൾ കൊണ്ടുവരുന്ന ലോറിയിൽ ലഹരിമരുന്ന് കൂടി കയറ്റി വിടുന്നത് ഇയാളുടെ പതിവായിരുന്നു എന്ന് പൊലീസ് പറയുന്നു. എറണാകുളം കേന്ദ്രീകരിച്ചുള്ള വൻകിട ഇടപാടുകാർക്കും യുവാക്കൾക്കുമാണ് ഇയാൾ ഈ ലഹരിമരുന്ന് എത്തിച്ചു നൽകിയിരുന്നത്.
ലഹരിമരുന്ന് കടത്താൻ ഉപയോഗിച്ച ലോറിയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ലഹരി മാഫിയയിലെ മറ്റാരൊക്കെയാണ് ഇയാൾക്ക് പിന്നിലുള്ളത് എന്നതിനെക്കുറിച്ച് അന്വേഷണം വ്യാപിപ്പിച്ചതായി പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതി മുഹമ്മദ് ഫാസിലിനെ റിമാൻഡ് ചെയ്തു.




