തൃശൂർ നഗരത്തിൽ ആനയിടഞ്ഞ് വൻ നാശനഷ്ടം. ടൗൺഹാളിന് മുന്നിൽ പരിഭ്രാന്തി പരത്തി വിരണ്ടോടിയ ആന, പ്രദേശത്തെ കാറും ഓട്ടോറിക്ഷയുമടക്കം നിരവധി വാഹനങ്ങളും വീടുകളും തകർത്തു. ‘ശിവം ലക്ഷ്മി അയ്യപ്പൻ’ എന്ന ആനയാണ് നഗര മധ്യത്തിൽ ഇപ്പോൾ വിരണ്ടോടുന്നത്.
കൊല്ലത്ത് നിന്ന് തൃശൂരിലേക്ക് എത്തിച്ച ആനയാണ് ഇതെന്നാണ് പ്രാഥമിക വിവരം. ജനവാസമേഖലയിലൂടെ ഓടിയ ആന വീടുകളുടെ ഗേറ്റുകളും മതിലുകളും തകർത്തിട്ടുണ്ട്. ആറിലധികം വാഹനങ്ങൾക്കാണ് ആനയുടെ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചത്. നിലവിൽ എലഫന്റ് സ്ക്വാഡും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. ആനയെ തളയ്ക്കാനുള്ള തീവ്രശ്രമമാണ് ഇപ്പോൾ പ്രദേശത്ത് പുരോഗമിക്കുന്നത്.
മറ്റൊരു ആശങ്കാജനകമായ കാര്യം, വിരണ്ടോടിയ ആനയ്ക്കും പരിക്കേറ്റിട്ടുണ്ട് എന്നാണ് വിവരം. ചെവിയിൽ നിന്ന് ചോരയൊലിക്കുന്ന നിലയിലാണ് ആനയുള്ളത്. ഈ ആനയെ എങ്ങോട്ടാണ് കൊണ്ടുപോയതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.




