കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജിലെ വനിത പിജി ഡോക്ടറെ അപായപ്പെടുത്താന്‍ ശ്രമമെന്ന് പരാതി. ബുധനാഴ്ച രാത്രി ജോലി കഴിഞ്ഞ് ഹോസ്റ്റലിലേക്ക് പോകുന്നതിനിടെയാണ് സംഭവം. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ മെഡിക്കല്‍ കോളജ് പൊലീസില്‍ പരാതി നല്‍കി.
പരാതിക്ക് അടിസ്ഥാനമായ സംഭവം നടന്നത് ഈ മാസം നാലാം തീയതി രാത്രി എട്ടുമണിക്ക്.ഡ്യൂട്ടി കഴിഞ്ഞ് തിരികെ ഹോസ്റ്റലിലേക്ക് പോവുകയായിരുന്നു വനിത പി ജി ഡോക്ടര്‍. ഒരു സംഘം കാറിലെത്തി പിന്തുടര്‍ന്ന് കാറില്‍ കയറാന്‍ ആവശ്യപ്പെട്ടു എന്നാണ് പരാതി. കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലാണ് പിജി അസോസിയേഷന്‍ ആദ്യം പരാതി നല്‍കിയത്. പ്രിന്‍സിപ്പല്‍ ഈ പരാതി മെഡിക്കല്‍ കോളജ് പൊലീസിന് കൈമാറി.
മെഡിക്കല്‍ കോളജ് ക്യാമ്പസിലെ സുരക്ഷയുമായി ബന്ധപ്പെട്ട് നേരത്തെയും പരാതി ഉയര്‍ന്നിട്ടുണ്ട്. ക്യാമ്പസിനകത്ത് ലൈറ്റ് ,സെക്യൂരിറ്റി സംവിധാനങ്ങള്‍ കൂടുതല്‍ ഏര്‍പ്പെടുത്തണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം.