തൃത്താല: പാലക്കാട് തൃത്താല പരതൂർ സ്കൂളിലുണ്ടായ വെടിവയ്പ്പിൽ ഒൻപതാം ക്ലാസുകാരൻ അനുകരിച്ചത് തമിഴ് ചിത്രം ‘ലിയോ’യിലെ രംഗമെന്ന് പൊലീസ്. സഹപാഠികളുടെ മൊഴിയിൽ നിന്നാണ് പൊലീസിന് നിർണായക വിവരം ലഭിച്ചത്. തോക്കുമായെത്തി സ്കൂളിൽ വെടിയുതിർത്ത വിദ്യാർഥിയെ ജുവനൈൽ ഹോമിലേക്ക് മാറ്റി.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ക്ലാസ് ഇടവേളയ്ക്കിടെയായിരുന്നു സംഭവം. 2023ൽ പുറത്തിറങ്ങിയ ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിജയ് ചിത്രം ‘ലിയോ’യിലെ ഫയറിങ് രംഗം അനുകരിക്കാനായിരുന്നു വിദ്യാർഥിയുടെ ശ്രമമെന്നാണ് വിവരം. റീൽസും സിനിമയും കണ്ട് കൂട്ടുകാരുടെ മുന്നിൽ വീമ്പ് കാണിക്കാനാണ് തോക്കെടുത്തതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ആദ്യ തവണ തോക്കിൽനിന്ന് വെടിയുതിർത്തപ്പോൾ വെടിയുണ്ട പതിച്ചത് സ്കൂളിലെ ഭിത്തിയിലായിരുന്നു. ഏകദേശം പത്ത് മിനിറ്റിന് ശേഷം വീണ്ടും ബാഗിൽനിന്ന് തോക്കെടുത്ത് സിനിമാ രംഗം അനുകരിക്കാൻ ശ്രമിച്ചു. ഇതിനിടെ ഒന്നരയടി മാത്രം അകലെയുണ്ടായിരുന്ന സഹപാഠിയുടെ കൈയ്ക്ക് മുകളിലാണ് വെടിയുണ്ട പതിച്ചത്.
ബോധപൂർവം പരിക്കേൽപ്പിക്കാനായിരുന്നില്ല വിദ്യാർഥിയുടെ ശ്രമമെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. വെടിയേറ്റ കുട്ടിയുടെയും സംഭവത്തിന് സാക്ഷികളായ മറ്റ് വിദ്യാർഥികളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കൂട്ടുകാരുടെ മുന്നിൽ ഷോ കാണിക്കുന്നതിനിടെ സംഭവിച്ച കൈയബദ്ധമാണെന്നാണ് മൊഴികളിലുള്ളത്.
വെടിയുതിർത്ത വിദ്യാർഥിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയ ശേഷം അടുത്ത മാസം അഞ്ചുവരെ കോഴിക്കോട് വെള്ളിമാടുകുന്നിലെ ജുവനൈൽ ഹോമിലേക്ക് മാറ്റി.
അതേസമയം, തോക്കിന്റെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട് വിദ്യാർഥിയുടെ അമ്മയ്ക്കെതിരെയും ആംസ് ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്. അമ്മയുടെ അലമാരയിൽ നിന്നാണ് തോക്ക് ലഭിച്ചതെന്നാണ് വിദ്യാർഥിയുടെ മൊഴി. എന്നാൽ അമ്മയെ ഉടൻ അറസ്റ്റ് ചെയ്യേണ്ടതില്ലെന്നാണ് പൊലീസിന്റെ നിലവിലെ തീരുമാനം.
കുട്ടിയുടെ മുത്തച്ഛൻ ഉപയോഗിച്ചിരുന്നതാണ് തോക്കെന്നാണ് വിവരം. മുത്തച്ഛൻ വർഷങ്ങൾക്ക് മുമ്പ് മരിച്ചിരുന്നു. തോക്ക് എവിടെനിന്ന് വാങ്ങിയതാണെന്നും അതിന്റെ ഉറവിടം എന്താണെന്നും കണ്ടെത്താൻ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കാനാണ് പൊലീസിന്റെ തീരുമാനം.
സിനിമകളിലെയും സോഷ്യൽ മീഡിയ റീൽസുകളിലെയും അപകടകരമായ രംഗങ്ങൾ അനുകരിക്കുന്നത് കുട്ടികളിൽ സൃഷ്ടിക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും സംഭവം ഗൗരവമായ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.




