മലപ്പുറം: ഫെയർനെസ് ക്രീം ഉപയോഗിച്ചതിനെ തുടർന്ന് ഗുരുതര വൃക്കരോഗം ബാധിച്ച അനുഭവം തുറന്നുപറഞ്ഞ് ഗായകൻ ഷുഹൈബ്. ഗായകൻ സലീം കോടത്തൂരിന്റെ സുഹൃത്തുകൂടിയായ ഷുഹൈബ്, ‘ഫൈസ’ എന്ന ഫെയർനെസ് ക്രീമാണ് ഉപയോഗിച്ചിരുന്നത്. കണ്ണിന് നീർവീക്കം അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഗുരുതര വൃക്കരോഗം കണ്ടെത്തിയത്. ഏറെക്കാലത്തെ ചികിത്സയ്ക്കു ശേഷമാണ് രോഗാവസ്ഥയിൽ മാറ്റമുണ്ടായതെന്ന് ഷുഹൈബ് വെളിപ്പെടുത്തി.
തനിക്കൊപ്പം ഈ ക്രീം ഉപയോഗിച്ച നാല് പേർക്കും സമാനമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതായും അദ്ദേഹം പറഞ്ഞു. കാലിൽ നീര്, മൂത്രമൊഴിക്കുമ്പോൾ പത തുടങ്ങിയവയായിരുന്നു രോഗലക്ഷണങ്ങൾ. പരിപാടികൾക്ക് പോകുമ്പോൾ സൗന്ദര്യസംരക്ഷണത്തിന്റെ ഭാഗമായി കൂടുതൽ ആകർഷകമായി കാണപ്പെടണമെന്ന ഉദ്ദേശത്തോടെയാണ് ക്രീം ഉപയോഗിച്ചത്. പത്ത് വർഷം മുമ്പുണ്ടായ അനുഭവം ഇപ്പോൾ തുറന്നുപറയുന്നത് ഇത്തരം ഉൽപ്പന്നങ്ങളെക്കുറിച്ച് ജനങ്ങളിൽ ബോധവത്കരണം സൃഷ്ടിക്കാനാണെന്നും ഷുഹൈബ് വ്യക്തമാക്കി. നിലവിൽ വൃക്കരോഗവുമായി ബന്ധപ്പെട്ട് മരുന്നുകൾ കഴിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, സൗന്ദര്യവർധക വസ്തുക്കളുടെ വിപണിയിൽ വ്യാജവും മതിയായ രേഖകളില്ലാത്തതുമായ ചൈനീസ് ഉൽപ്പന്നങ്ങൾ സജീവമാകുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഡ്രഗ്സ് കൺട്രോൾ വകുപ്പ് മലപ്പുറത്ത് നടത്തിയ പരിശോധനയിൽ വിൽപന മാനദണ്ഡങ്ങൾ പാലിക്കാത്ത 14 ഇനം ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. ടി.വൈ.എ ഫാഷൻ കോസ്മെറ്റിക്സിന്റെ ഉൽപ്പന്നങ്ങളാണ് പിടിച്ചെടുത്തത്. വിദേശ ഉൽപ്പന്നങ്ങൾ ഇന്ത്യയിൽ വിൽക്കുന്നതിന് ആവശ്യമായ രേഖകളോ ഇറക്കുമതിക്കാരന്റെ പേരും വിലാസവുമോ ഇവയിൽ ഉണ്ടായിരുന്നില്ല.
ഫെയ്സ് ക്രീം ഉപയോഗിച്ചതിനെ തുടർന്ന് വൃക്കരോഗം ബാധിച്ച 18കാരിയുടെ പരാതിയിൽ എഫ് ട്യൂൺ ക്രീമിന്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണവും തുടരുകയാണ്. പരസ്യത്തിൽ നൽകിയിരുന്ന നാല് ഫോൺ നമ്പറുകളും പ്രവർത്തനരഹിതമാണ്. കാസർകോട് കേന്ദ്രീകരിച്ചാണ് ക്രീമിന്റെ വിതരണം നടക്കുന്നതെന്നാണ് പ്രാഥമിക നിഗമനം.
ഇതിനിടെയാണ് ഫൈസ ഫെയർനെസ് ക്രീം ഉപയോഗിച്ചതിനെ തുടർന്ന് തനിക്കും ഗുരുതര വൃക്കരോഗം ബാധിച്ചെന്ന വെളിപ്പെടുത്തലുമായി ഗായകൻ ഷുഹൈബ് രംഗത്തെത്തിയത്. സൗന്ദര്യവർധക വസ്തുക്കൾ വാങ്ങി ഉപയോഗിക്കുമ്പോൾ അവയുടെ ഗുണനിലവാരം, ഘടകങ്ങൾ, നിയമപരമായ അംഗീകാരം എന്നിവ പരിശോധിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഈ സംഭവങ്ങൾ വിരൽചൂണ്ടുന്നത്.




