അമേരിക്കയിൽ ഇംഗ്ലീഷ് യുവ ഫുട്ബോൾ താരം വെടിയേറ്റ് മരിച്ചു. 18കാരനായ ക്രിസ് മഹാത്മയാണ് കൊല്ലപ്പെട്ടത്. മിസിസിപ്പിയിലെ ജാക്സണിലുള്ള ഗ്രീൻ ഗോസ്റ്റ് ടാക്കോസ് റെസ്റ്റോറന്റിന് പുറത്ത് ഞായറാഴ്ച പുലർച്ചെ 3.39ഓടെയായിരുന്നു സംഭവം.
ഡാർക്ക് ഹോഴ്സ് പ്രസിന്റെ റിപ്പോർട്ട് പ്രകാരം, ക്രിസും കോപ്പിയ-ലിങ്കൺ വോൾവ്സ് ടീമിലെ മറ്റ് അംഗങ്ങളും റെസ്റ്റോറന്റിന് പുറത്ത് ലഹരിവസ്തുക്കൾ ഉപയോഗിച്ചുകൊണ്ടിരുന്ന ഒരാളെ കണ്ടുമുട്ടിയിരുന്നു. ഇതിനിടെയുണ്ടായ തർക്കത്തിനിടെ ഒരാൾ തോക്കെടുത്ത് സംഘത്തിന് നേരെ വെടിയുതിർക്കുകയും ക്രിസിനെ മർദിക്കുകയും ചെയ്തതായാണ് റിപ്പോർട്ട്.
ഗുരുതരമായി പരിക്കേറ്റ ക്രിസിനെ സ്വകാര്യ വാഹനത്തിൽ ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് ഡാനി ലൂണ (22) എന്നയാളെ ക്യാപിറ്റോൾ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. എന്നാൽ സംഘർഷത്തിലേക്ക് നയിച്ച കാരണം സംബന്ധിച്ച് മിസിസിപ്പി ഡിപ്പാർട്ട്മെന്റ് ഓഫ് പബ്ലിക് സേഫ്റ്റി ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.
പ്രതിയെ അറസ്റ്റ് ചെയ്തത് നീതിനിർവഹണത്തിലേക്കുള്ള നിർണായക ചുവടുവയ്പ്പാണെന്ന് പോലീസ് ചീഫ് മാർക്ക് മില്ലർ പ്രതികരിച്ചു. എന്നാൽ ഒരു യുവതാരത്തെയും പ്രിയപ്പെട്ടവരെയും നഷ്ടപ്പെട്ട കുടുംബത്തിന്റെ വേദന കുറയ്ക്കാൻ ഈ നടപടിക്ക് കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോപ്പിയ-ലിങ്കൺ കമ്മ്യൂണിറ്റി കോളേജിൽ പുതുതായി പ്രവേശനം നേടിയ താരമായിരുന്നു ക്രിസ് മഹാത്മ. കോളേജിന് തെക്ക് ഏകദേശം 45 മൈൽ അകലെയുള്ള ജാക്സണിലാണ് വെടിവയ്പ്പ് നടന്നത്.
ടീമിലെത്തിയിട്ട് വെറും മൂന്ന് മാസം മാത്രമായിരുന്ന ക്രിസ് ഇതിനോടകം ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചിരുന്നു. സെപ്റ്റംബറിൽ നാഷണൽ പാർക്ക് കോളേജിനെതിരായ മത്സരത്തിൽ കോപ്പിയ-ലിങ്കൺ വോൾവ്സിന്റെ 3-2 വിജയത്തിൽ ഒരു ഗോൾ നേടിയത് ക്രിസായിരുന്നു. മൂന്ന് മാസത്തിനിടെ 14 മത്സരങ്ങളിലും താരം കളത്തിലിറങ്ങി.
യുവതാരത്തിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ഫുട്ബോൾ ലോകം ദുഃഖത്തിലാണ്.




