തിരുവനന്തപുരം: കൊച്ചി, തിരുവനന്തപുരം നഗരങ്ങളിലെ വായുഗുണനിലവാരം പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ച് സംസ്ഥാന സർക്കാർ. വായുവിന്റെ ഗുണനിലവാരം വിലയിരുത്തുന്നതിനും മലിനീകരണം നിയന്ത്രിക്കുന്നതിനുള്ള നടപടികൾ നിർദേശിക്കുന്നതിനുമാണ് സമിതിയെ നിയോഗിച്ചത്.
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർപേഴ്സൺ കൺവീനറായ സമിതിയിൽ ഡൽഹിയിലെ എനർജി ആൻഡ് റിസോഴ്സസ് ഇൻസ്റ്റിറ്റ്യൂട്ടിലെ സീനിയർ ഫെലോ സുരേഷ് രാമസുബ്രഹ്മണ്യ അയ്യർ, കോഴിക്കോട് എൻ.ഐ.ടിയിലെ ഡോ. ജോർജ് കെ. വർഗീസ് എന്നിവർ അംഗങ്ങളാണ്.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കൊച്ചി, തിരുവനന്തപുരം നഗരങ്ങളിലെ വായുഗുണനിലവാരത്തിലുണ്ടായ മാറ്റങ്ങൾ, മലിനീകരണത്തിന്റെ കാരണങ്ങൾ, ഉറവിടങ്ങൾ എന്നിവ സമിതി വിശദമായി പരിശോധിക്കും.
വായുഗുണനിലവാര സൂചികയായ എ.ക്യു.ഐ തത്സമയം പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനുള്ള ആശയവിനിമയ സംവിധാനവും സമിതി ശുപാർശ ചെയ്യും.
രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് സർക്കാരിന്റെ നിർദേശം.




