തിരുവനന്തപുരം: അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാസഹോദരൻ എസ്.ആർ. വിനയകുമാർ സിപിഎമ്മുമായുള്ള ബന്ധം ഉപേക്ഷിച്ചു. പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചാണ് പാർട്ടി അംഗത്വം പുതുക്കേണ്ടതില്ലെന്ന തീരുമാനം. പിണറായി വിജയനും എം.വി. ഗോവിന്ദനും മാറാതെ സിപിഎമ്മിന് രക്ഷയില്ലെന്നും വിനയകുമാർ തുറന്നടിച്ചു.
പൊതുമേഖലാ സ്ഥാപനമായ യുണൈറ്റഡ് ഇലക്ട്രിക്കൽസ് ഇൻഡസ്ട്രീസിന്റെ മുൻ എം.ഡിയായ വിനയകുമാർ കേശവദാസപുരം ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്നു. പാർട്ടി പിണറായി വിജയന്റെ നിയന്ത്രണത്തിലുള്ള വ്യക്തികേന്ദ്രീകൃത സംവിധാനമായി മാറിയെന്നാണ് അദ്ദേഹത്തിന്റെ പ്രധാന വിമർശനം.
പാർട്ടി ഒരു വ്യക്തികേന്ദ്രീകൃത കൊട്ടാരമായി മാറിയെന്നും പിണറായി വിജയന് ചുറ്റും കറങ്ങുന്ന ഏതാനും നേതാക്കൾ മാത്രമാണ് ഇപ്പോൾ പാർട്ടിയിലുള്ളതെന്നും വിനയകുമാർ ആരോപിച്ചു. പിണറായി വിജയന്റെ സ്വകാര്യവും കുടുംബപരവുമായ കാര്യങ്ങൾ സംരക്ഷിക്കുന്നതിനും മകൾക്കെതിരായ കേസുകളും മറ്റ് പ്രശ്നങ്ങളും പ്രതിരോധിക്കുന്നതിനുമാണ് പാർട്ടി നേതൃത്വം പ്രാധാന്യം നൽകുന്നതെന്നും അദ്ദേഹം വിമർശിച്ചു.
സംഘടനാപരമായ കാര്യങ്ങളിൽ നേതാക്കൾക്ക് ശ്രദ്ധയില്ലെന്നും പുതിയ പാർട്ടി സെക്രട്ടറിയെക്കുറിച്ച് പ്രത്യേകിച്ച് ഒന്നും പറയാനില്ലെന്നും വിനയകുമാർ പറഞ്ഞു.
പാർട്ടിയിലെ നേതാക്കൾ തങ്ങൾ ഇരിക്കുന്ന സ്ഥാനത്തിന്റെ ഉത്തരവാദിത്തം തിരിച്ചറിയണം. ഏത് നേതാക്കൾ ഏത് കസേരയിലാണ് ഇരിക്കുന്നതെന്ന് എം.വി. ഗോവിന്ദൻ ഇടയ്ക്കെങ്കിലും ആലോചിക്കുന്നത് നന്നായിരിക്കുമെന്നും വിനയകുമാർ കൂട്ടിച്ചേർത്തു.
വിനയകുമാറിന്റെ പരസ്യമായ വിമർശനവും പാർട്ടി ബന്ധം ഉപേക്ഷിക്കാനുള്ള തീരുമാനവും സിപിഎമ്മിനുള്ളിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.




