തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കില്ലെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ. ബസ് ഉടമകളുടെ നിരക്ക് വർധന ആവശ്യം മന്ത്രി തള്ളി. വിദ്യാർഥികളുടെ കൺസെഷൻ നിരക്കും വർധിപ്പിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം, ബസുടമകളുടെ മറ്റ് ആവശ്യങ്ങൾ പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു. ബസ് ഉടമകൾക്കിടയിൽ തന്നെ നിരക്ക് വർധനയോട് എതിർപ്പുള്ളവരുണ്ടെന്നാണ് മന്ത്രിയുടെ വിശദീകരണം. നിരക്ക് വർധിപ്പിച്ചാൽ യാത്രക്കാരുടെ എണ്ണം കുറയുമെന്നാണ് ഒരു വിഭാഗം ബസ് ഉടമകളുടെ ആശങ്ക. ചാർജ് കൂട്ടുന്നതോടെ കൂടുതൽ ആളുകൾ സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് നേരത്തെ മുപ്പതിനായിരത്തോളം ബസുകൾ സർവീസ് നടത്തിയിരുന്ന സ്ഥാനത്ത് ഇപ്പോൾ എണ്ണം എണ്ണായിരത്തോളമായി കുറഞ്ഞതായും മന്ത്രി പറഞ്ഞു. അതേസമയം, ഓട്ടോ-ടാക്സി നിരക്കുകൾ വർധിപ്പിക്കണമെന്നാണ് സർക്കാരിന്റെ അഭിപ്രായമെന്നും സി.പി. ജോൺ വ്യക്തമാക്കി. 2022ലാണ് അവസാനമായി ഓട്ടോ-ടാക്സി നിരക്കുകൾ നിശ്ചയിച്ചതെന്നും നിരക്ക് പുനഃപരിശോധിക്കേണ്ട സാഹചര്യമുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.




