മലപ്പുറം: വീട്ടിൽ നിന്ന് 24 പവൻ സ്വർണവും അഞ്ച് ലക്ഷം രൂപയും കവർന്ന കേസിൽ പ്രായപൂർത്തിയാകാത്ത കുട്ടിയടക്കം മൂന്ന് പേരെ തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു. തിരൂർ നിറമരുതൂർ സ്വദേശി സുഹൈദ് (25), എ.ആർ നഗർ സ്വദേശി ഉബൈദ് (32), 17 വയസ്സുകാരൻ എന്നിവരാണ് പിടിയിലായത്.
തിരൂരങ്ങാടി ടി.സി റോഡിലെ മച്ചിങ്ങൽ സുബൈറിന്റെ വീട്ടിലാണ് മോഷണം നടന്നത്. വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം. വീട്ടിൽ സൂക്ഷിച്ചിരുന്ന 24 പവൻ സ്വർണാഭരണങ്ങളും അഞ്ച് ലക്ഷം രൂപയുമാണ് പ്രതികൾ കവർന്നത്.
മോഷണം നടക്കുമ്പോൾ സുബൈറിന്റെ ഭാര്യയും മക്കളും വീടിന്റെ മുകൾനിലയിലായിരുന്നു. ഈ സമയത്താണ് പ്രതികൾ വീട്ടിലെത്തി മോഷണം നടത്തിയത്. അലമാര പൂട്ടിയിട്ടില്ലാതിരുന്നതിനാൽ അതിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും എളുപ്പത്തിൽ കൈക്കലാക്കാൻ കഴിഞ്ഞു.
പ്രായപൂർത്തിയാകാത്ത കുട്ടിയെ ഉപയോഗിച്ചാണ് മറ്റു പ്രതികൾ മോഷണം നടത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. മോഷണവിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്നുപേരും പിടിയിലായത്. മോഷ്ടിച്ച സ്വർണാഭരണങ്ങളും പണവും പ്രതികളിൽ നിന്ന് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
അറസ്റ്റിലായ സുഹൈദിനെതിരെ വേങ്ങര പൊലീസ് സ്റ്റേഷനിൽ വധശ്രമക്കേസും താനൂർ പൊലീസ് സ്റ്റേഷനിൽ ആയുധം ഉപയോഗിച്ച് ആക്രമിച്ച് പരിക്കേൽപ്പിച്ച കേസുമുണ്ട്. ഉബൈദിനെതിരെ തിരൂരങ്ങാടി പൊലീസ് സ്റ്റേഷനിൽ ഭീഷണിപ്പെടുത്തി പണം അപഹരിച്ച രണ്ട് കേസുകളും കത്തിക്കുത്ത് കേസുമുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
പ്രതികളുടെ മുൻകാല ക്രിമിനൽ പശ്ചാത്തലവും മോഷണത്തിന് പിന്നിലെ ആസൂത്രണവും പൊലീസ് പരിശോധിച്ചുവരികയാണ്. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.




