തിരുവനന്തപുരം: ഡോ. കമറുദ്ദീന്റെ സ്മരണാർഥം ഏർപ്പെടുത്തിയ ഏഴാമത് പരിസ്ഥിതി പുരസ്കാരത്തിന് വയനാടിന്റെ പാരിസ്ഥിതിക പൈതൃക സംരക്ഷകൻ എൻ. ബാദുഷ അർഹനായി. ഡോ. ഖമറുദ്ദീൻ ഫൗണ്ടേഷൻ ഫോർ ബയോഡൈവേഴ്സിറ്റി കൺസർവേഷനാണ് പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്.
25,000 രൂപയും പ്രശസ്തിപത്രവും പ്രശംസാഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ഔദ്യോഗിക സംവിധാനങ്ങളുടെയോ സർക്കാർ സഹായത്തിന്റെയോ പിന്തുണയില്ലാതെ സ്വന്തം പരിശ്രമത്തിലൂടെ ജൈവവൈവിധ്യ സംരക്ഷണത്തിനായി നടത്തുന്ന പ്രവർത്തനങ്ങൾ പരിഗണിച്ചാണ് ബാദുഷയെ പുരസ്കാരത്തിനായി ഏകകണ്ഠമായി തെരഞ്ഞെടുത്തത്.
പതിറ്റാണ്ടുകളായി വയനാടിന്റെ പ്രകൃതിയും പരിസ്ഥിതിയും സംരക്ഷിക്കാനുള്ള പോരാട്ടങ്ങളിൽ സജീവമാണ് എൻ. ബാദുഷ. വനനശീകരണം, ആനവേട്ട, അനധികൃത ക്വാറികൾ, നിയമവിരുദ്ധ ആനപിടിത്തം, അനിയന്ത്രിത ടൂറിസം തുടങ്ങിയവയ്ക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങളും നിയമപോരാട്ടങ്ങളും നടത്തിയിട്ടുണ്ട്.
ആദിവാസി ജനവിഭാഗങ്ങളുടെ അവകാശസംരക്ഷണത്തിനും അദ്ദേഹം നിർണായക ഇടപെടലുകൾ നടത്തി. സുഗന്ധഗിരിയിലെ ഭൂമി സംരക്ഷണം, എടക്കൽ ഗുഹയുടെ സംരക്ഷണം, നെല്ലിയാമ്പതിയിലെ പാട്ടഭൂമി തിരിച്ചുപിടിക്കൽ തുടങ്ങിയ പോരാട്ടങ്ങളിലും സജീവമായിരുന്നു. വയനാട് വന്യജീവി സങ്കേതത്തിൽ ഒറ്റപ്പെട്ടുപോയ 800 കർഷക കുടുംബങ്ങളെ 14 ഗ്രാമങ്ങളിൽ നിന്ന് പുനരധിവസിപ്പിക്കുന്നതിനും നേതൃത്വം നൽകി.
പരിസ്ഥിതി സംരക്ഷണ രംഗത്തെ സമഗ്ര സംഭാവനകൾക്ക് 2012-ൽ സാങ്ച്വറി നേച്ചർ ഫൗണ്ടേഷന്റെ വൈൽഡ് ലൈഫ് സർവീസ് അവാർഡും 2014-ൽ കൂട് മാസികയുടെ പ്രകൃതിമിത്ര അവാർഡും ലഭിച്ചിട്ടുണ്ട്.
നവംബർ 13 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കാര്യവട്ടം സി.എൽ.ഐ.എഫ് സി.വി. രാമൻ ഹാളിൽ നടക്കുന്ന ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ പുരസ്കാരം സമ്മാനിക്കും. സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ പ്രൊഫ. അച്യുത് ശങ്കർ മുഖ്യപ്രഭാഷണം നടത്തും.




