ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ നിർമാണം പുരോഗമിക്കുന്നു. മുംബൈ-അഹമ്മദാബാദ് ഹൈസ്പീഡ് റെയിൽ ഇടനാഴിക്കായി ബെംഗളൂരുവിലെ ബി.ഇ.എം.എൽ കേന്ദ്രത്തിലാണ് ട്രെയിനിന്റെ നിർമാണം പുരോഗമിക്കുന്നത്. മണിക്കൂറിൽ 249 കിലോമീറ്റർ വേഗതയിൽ സർവീസ് നടത്താൻ ലക്ഷ്യമിടുന്ന ട്രെയിനിൽ എട്ട് കോച്ചുകളിലായി 557 യാത്രക്കാർക്ക് സഞ്ചരിക്കാനാകും.
ഇന്ത്യൻ കാലാവസ്ഥയ്ക്കും യാത്രക്കാരുടെ സൗകര്യങ്ങൾക്കും അനുയോജ്യമായാണ് ട്രെയിൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. വിശാലമായ സീറ്റുകൾ, ആധുനിക എൽ.ഇ.ഡി ലൈറ്റുകൾ, ലാപ്ടോപ്പിനും മൊബൈലിനുമുള്ള പവർ ഔട്ട്ലെറ്റുകൾ, ആധുനിക ശൗചാലയങ്ങൾ എന്നിവയാണ് പ്രധാന പ്രത്യേകതകൾ.
യാത്രക്കാർക്ക് കോച്ചുകൾക്കിടയിൽ തടസ്സമില്ലാതെ സഞ്ചരിക്കാനുള്ള സിംഗിൾ പീസ് ഗാങ്വേയും വലിയ ലഗേജുകൾ സൂക്ഷിക്കാനുള്ള പ്രത്യേക സൗകര്യങ്ങളും ട്രെയിനിലുണ്ടാകും. ഇംഗ്ലീഷ്, ഹിന്ദി, പ്രാദേശിക ഭാഷകളിൽ യാത്രാ വിവരങ്ങൾ ലഭ്യമാക്കുന്ന പാസഞ്ചർ ഇൻഫർമേഷൻ സംവിധാനവും ഒരുക്കും.
വിദേശ സാങ്കേതികവിദ്യയെ ആശ്രയിക്കുന്നതിൽ നിന്ന് മാറി തദ്ദേശീയമായി ബുള്ളറ്റ് ട്രെയിൻ നിർമിക്കാനുള്ള ഇന്ത്യയുടെ നീക്കത്തിൽ നിർണായകമായ ചുവടുവെപ്പായാണ് ഈ പദ്ധതി വിലയിരുത്തപ്പെടുന്നത്.




