മലപ്പുറം: വേണാട് എക്സ്പ്രസ് നിലമ്പൂരിലേക്ക് നീട്ടണമെന്ന മലപ്പുറം ജില്ലയിലെ മലയോരവാസികളുടെ ദീർഘകാല ആവശ്യം റെയിൽവേയുടെ പരിഗണനയിലെന്ന് റിപ്പോർട്ടുകൾ. ഷൊർണൂരിൽ മണിക്കൂറുകളോളം കാത്തുകിടക്കുന്ന ട്രെയിൻ നിലമ്പൂരിലേക്ക് നീട്ടിയാൽ മേഖലയിലെ യാത്രാദുരിതത്തിന് വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.
നിലവിൽ ഉച്ചയ്ക്ക് 12 മണിയോടെ ഷൊർണൂരിലെത്തുന്ന വേണാട് എക്സ്പ്രസ് വൈകിട്ട് മൂന്നുമണിയോടെയാണ് തിരുവനന്തപുരത്തേക്ക് മടങ്ങുന്നത്. ഈ ഇടവേള പ്രയോജനപ്പെടുത്തി നിലമ്പൂരിലേക്ക് സർവീസ് നടത്താനാണ് ആലോചനയെന്നാണ് റിപ്പോർട്ടുകൾ.
രാവിലെ 10 മണിക്കും ഉച്ചയ്ക്ക് മൂന്നുമണിക്കും ഇടയിൽ നിലമ്പൂർ–ഷൊർണൂർ പാതയിൽ ട്രെയിൻ സർവീസുകൾ കുറവായതിനാൽ യാത്രക്കാർ ഏറെ ബുദ്ധിമുട്ടുന്നുണ്ട്. വേണാട് എക്സ്പ്രസ് നിലമ്പൂരിലേക്ക് നീട്ടിയാൽ വിദ്യാർഥികൾക്കും ജീവനക്കാർക്കും വ്യാപാരികൾക്കും ഉൾപ്പെടെ നിരവധി യാത്രക്കാർക്ക് പ്രയോജനപ്പെടും.
22 കോച്ചുകളുള്ള വേണാട് എക്സ്പ്രസിനെ ഉൾക്കൊള്ളാൻ ആവശ്യമായ പ്ലാറ്റ്ഫോം സൗകര്യമില്ലാത്തതാണ് സർവീസ് നീട്ടുന്നതിലെ പ്രധാന തടസ്സങ്ങളിലൊന്ന്. എന്നാൽ മേലാറ്റൂർ സ്റ്റേഷനിൽ 24 കോച്ചുകൾ നിർത്താൻ കഴിയുന്ന പ്ലാറ്റ്ഫോമിന്റെ നിർമാണം പൂർത്തിയായിട്ടുണ്ട്. അടുത്ത മാസം ക്രോസിങ് സ്റ്റേഷൻ കൂടി കമ്മീഷൻ ചെയ്യുന്നതോടെ സാങ്കേതിക തടസ്സങ്ങൾ നീങ്ങുമെന്നാണ് പ്രതീക്ഷ.
ചെറുകര സ്റ്റേഷനിൽ കോട്ടയം എക്സ്പ്രസിനും നിലമ്പൂർ–ഷൊർണൂർ മെമുവിനും സ്റ്റോപ്പ് അനുവദിക്കുന്നതിനുള്ള നടപടികളും പരിഗണിക്കുന്നുണ്ട്. പട്ടിക്കാട് സ്റ്റേഷനിലെ വെയിറ്റിങ് ഹാൾ വിപുലീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
നഷ്ടം ചൂണ്ടിക്കാട്ടി നേരത്തേ നിർത്തിവച്ച പാഴ്സൽ സർവീസ് പുനരാരംഭിക്കുന്നതും രാജറാണി എക്സ്പ്രസിലെ തിരക്ക് കുറയ്ക്കാൻ പ്രത്യേക ട്രെയിൻ അനുവദിക്കുന്നതും റെയിൽവേയുടെ പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ.
വേണാട് എക്സ്പ്രസ് നിലമ്പൂരിലേക്ക് നീട്ടിയാൽ മേഖലയിലെ യാത്രാസൗകര്യം മെച്ചപ്പെടുന്നതിനൊപ്പം നിലമ്പൂർ–ഷൊർണൂർ പാതയിൽ കൂടുതൽ ട്രെയിൻ സർവീസുകൾ ആരംഭിക്കാനുള്ള സാധ്യതയും തുറക്കുമെന്നാണ് യാത്രക്കാരുടെ പ്രതീക്ഷ.




