മഞ്ചേരി: വർഷങ്ങളായി കടുത്ത നടുവേദനയും കാലുകൾക്ക് ബലക്കുറവും അനുഭവിച്ച് ദുരിതത്തിലായിരുന്ന 69-കാരിക്ക് വിജയകരമായി സങ്കീർണ നട്ടെല്ല് ശസ്ത്രക്രിയ നടത്തി മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രി. സ്വകാര്യ ആശുപത്രികളിൽ ഏകദേശം അഞ്ചുലക്ഷം രൂപ ചെലവ് വരുന്ന ശസ്ത്രക്രിയയാണ് പൂർണമായും സൗജന്യമായി നടത്തിയത്.
മഞ്ചേരി സ്വദേശിനിയായ പദ്മിനിയെയാണ് ട്രാൻസ്ഫോറാമിനൽ ലംബാർ ഇന്റർബോഡി ഫ്യൂഷൻ (ടി.എൽ.ഐ.എഫ്.) എന്ന ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്. മഞ്ചേരി മെഡിക്കൽ കോളേജിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു സങ്കീർണ നട്ടെല്ല് ശസ്ത്രക്രിയ നടത്തുന്നതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
വർഷങ്ങളായി വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിട്ടും കാര്യമായ ആശ്വാസം ലഭിക്കാത്തതിനെ തുടർന്നാണ് പദ്മിനി മഞ്ചേരി മെഡിക്കൽ കോളേജിലെത്തിയത്. സർക്കാരിന്റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ശസ്ത്രക്രിയ സൗജന്യമായി നടത്തിയത്.
ഓർത്തോപീഡിക്സ് വിഭാഗം മേധാവിയും സ്പൈൻ സർജനുമായ പ്രൊഫ. ഡോ. ബിന്ദുലാലിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. അനസ്തേഷ്യ വിഭാഗം മേധാവി ഡോ. ബഷീർ ഉൾപ്പെടെയുള്ള ഡോക്ടർമാരും നഴ്സിങ്, പാരാമെഡിക്കൽ ജീവനക്കാരും ചികിത്സാദൗത്യത്തിൽ പങ്കാളികളായി.
ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയതിനെ തുടർന്ന് പദ്മിനിയെ വാർഡിലേക്ക് മാറ്റി. സ്വകാര്യ ആശുപത്രികളിൽ വലിയ തുക ചെലവാകുന്ന ചികിത്സ സർക്കാർ ആശുപത്രിയിൽ സൗജന്യമായി ലഭിച്ചതിന്റെ ആശ്വാസത്തിലാണ് പദ്മിനിയും കുടുംബവും.
നേട്ടം കൈവരിച്ച ഡോക്ടർമാരെയും മറ്റ് ആരോഗ്യപ്രവർത്തകരെയും മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. കെ. അബ്ദുൽ മജീദും സൂപ്രണ്ട് ഡോ. എസ്.എ. ഹാഫിസും അഭിനന്ദിച്ചു.




