ഉത്തർപ്രദേശ്: കാൺപൂരിൽ പരിശീലന വിമാനം തകർന്നുവീണ് പൈലറ്റും കോ-പൈലറ്റും മരിച്ചു. കാൺപൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗാർഗ് ഏവിയേഷന്റെ വിമാനമാണ് ഗംഗാ ബാരേജ് പരിസരത്ത് തകർന്നുവീണത്.
അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗുജറാത്ത് സ്വദേശിയായ പൈലറ്റിന് 3,000ത്തിലധികം മണിക്കൂർ വിമാനം പറത്തിയ പരിചയമുണ്ടായിരുന്നു. കോ-പൈലറ്റ് കർണാടക സ്വദേശിയാണ്.
കാൺപൂർ സിവിൽ എയറോഡ്രോമിൽ നിന്ന് ഫ്ലൈയിംഗ് സ്കൂൾ നടത്തുന്ന ഗാർഗ് ഏവിയേഷന്റേതാണ് അപകടത്തിൽപ്പെട്ട വിമാനം. അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അഥവാ ഡി.ജി.സി.എ അന്വേഷണം ആരംഭിച്ചു.




