കോഴിക്കോട്: സിപിഐഎം വേദിയിലെ വിവാദ പ്രസംഗത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ നിലപാട് കടുപ്പിച്ച് സമസ്ത നേതാക്കള്‍. ഉമര്‍ ഫൈസി മുക്കത്തിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി നാസര്‍ ഫൈസി കൂടത്തായി. ഉമര്‍ ഫൈസി സമസ്തയെ ചെളിവാരി എറിയാന്‍ കാരണമാകുന്നെന്ന് നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു. സമസ്തയുടെ വേദിയില്‍ മുസ്ലീങ്ങള്‍ക്ക് സഖാവ് ആകാന്‍ പറ്റില്ലെന്ന് പറയുന്നയാള്‍ CPIM വേദിയില്‍ പോയി സ്വയം സഖാവാണെന്ന് പരിചയപ്പെടുത്തുന്നെന്നും വിമര്‍ശനം. സമസ്തയുടെ ഉത്തരവാദിത്വപ്പെട്ടവര്‍ വിഷയം ചര്‍ച്ച ചെയ്യണമെന്ന് നാസര്‍ ഫൈസി ആവശ്യപ്പെട്ടു. യുവജന സംഘടനകള്‍ വിഷയം ചൂണ്ടിക്കാണിച്ച സമസ്തക്ക് കത്ത് നല്‍കിയിട്ടുണ്ട്.
ഉമര്‍ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്ലീം ലീഗും രംഗത്തെത്തി. സമുദായത്തിന് മാര്‍ഗദര്‍ശനം നല്‍കേണ്ട പണ്ഡിതന്മാര്‍ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വഴങ്ങുന്നത് മാപ്പര്‍ഹിക്കാത്ത വഞ്ചനയെന്ന് എംഎസ്എഫ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ. നജാഫ് ഫേസ്ബുക്കില്‍ വിമർശനം ഉന്നയിച്ചിരുന്നു. വാക്കുകളിലും പ്രവൃത്തികളിലും അവിശ്വാസ്യത കലര്‍ത്തുന്നെന്നും ഉമര്‍ ഫൈസി കേവലം രാഷ്ട്രീയ പാര്‍ട്ടികളുടെ കോളാമ്പിയായി മാറിയെന്നും വിമര്‍ശനമുണ്ടായി.
വഖഫ് വിഷയത്തിലടക്കം സംസ്ഥാന സർക്കാരിനെയും മുസ്‌ലിം ലീഗിനെയും സിപിഐഎം വേദിയിൽ വെച്ച് ഉമർ ഫൈസി മുക്കം വിമർശിച്ചതാണ് നിലവിലെ വിവാദങ്ങൾക്ക് കാരണം. അമുസ്‌ലിം പ്രതിനിധികളെ വെക്കാത്തതിനാൽ വഖഫ് ബോർഡ് പൂർണ്ണമല്ലെന്നും അത് പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ട് ബിജെപി നേതാവ് ഷോൺ ജോർജ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ സർക്കാർ ഷോണിനെ അനുകൂലിക്കുന്ന നിലപാട് സ്വീകരിച്ചെന്നായിരുന്നു ഉമർ ഫൈസി മുക്കത്തിൻ്റെ വിമർശനം. രണ്ട് ആർഎസ്എസുകാരെ തന്നെ ഉൾപ്പെടുത്തിക്കൊണ്ട് ഈ വിഷയം പരിഹരിച്ചു കൊള്ളാം എന്ന നിലപാടാണ് സർക്കാർ എടുത്തത്. മുസ്ലിംലീഗിന്റെ വകുപ്പാണത്. ആ വകുപ്പിലെ അഭിഭാഷകനാണ് കോടതിയിൽ ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്നും ഉമർഫൈസി കുറ്റപ്പെടുത്തിയിരുന്നു. മലപ്പുറത്ത് സംസ്ഥാന സർക്കാരിനെതിരെ സിപിഐഎം സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെ ആയിരുന്നു ഉമർ ഫൈസി മുക്കത്തിൻ്റെ വിമർശനം.
ഇത്തരമൊരു നിലപാട് സർക്കാർ സ്വീകരിക്കാൻ കാരണം ഹംസയും താനുമാണെന്നും ഉമർ ഫൈസി മുക്കം പറഞ്ഞിരുന്നു. ‘കെ.എസ്. ഹംസയെ അവർക്ക് തൃപ്തികരമല്ല. പിന്നെയുള്ള സഖാവ് ഉമർ ഫൈസിയാണ്. ഇത് ഞാൻ പറയുന്നതല്ല. സഖാവാണെന്ന് അവരാണ് പറയുന്നത്. ഞങ്ങളുള്ള ബോർഡ് വേണ്ട എന്നാണ് അവരുടെ തീരുമാനം. മതപരമായ മൂല്യങ്ങൾ എന്തായിരുന്നാലും ശരി അത് തകർന്നാലും തരക്കടില്ല ഹംസയും ഉമർ ഫൈസയും മാറണം. അതിന് ഷോൺ ജോർജിനെ പിന്തുണച്ചാലും തരക്കേടില്ല, ആർഎസ്എസിനെ കൂടെക്കൂട്ടിയാലും തരക്കേടില്ല’ എന്നാണ് സർക്കാർ നിലപാടെന്നും സിപിഐഎം വേദിയിൽ സംസാരിക്കവെ ഉമർ ഫൈസി മുക്കം വിമർശിച്ചിരുന്നു.




