തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാൻ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം സ്ഥാപിക്കാനുള്ള പദ്ധതിയുമായി വൈദ്യുതി വകുപ്പും കെ.എസ്.ഇ.ബിയും. കേരളത്തിലെ 50 സബ്‌സ്റ്റേഷനുകളിൽ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം സ്ഥാപിക്കാനുള്ള 1,500 കോടി രൂപയുടെ പ്രൊപ്പോസൽ സർക്കാരിന് സമർപ്പിച്ചു.
പുറത്തുനിന്ന് ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങിയാണ് നിലവിൽ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നത്. എന്നാൽ വാങ്ങുന്ന വൈദ്യുതി പീക്ക് സമയത്ത് മാത്രമായി ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് വൈദ്യുതി സംഭരിച്ച് ആവശ്യമുള്ള സമയത്ത് ഉപയോഗിക്കുന്നതിനുള്ള സംവിധാനം കെ.എസ്.ഇ.ബി പരിഗണിക്കുന്നത്.
ഇത് സംബന്ധിച്ച വിശദമായ പ്രൊപ്പോസൽ വൈദ്യുതി മന്ത്രിക്ക് കെ.എസ്.ഇ.ബി സമർപ്പിച്ചു. ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം വഴി സംഭരിക്കുന്ന വൈദ്യുതി പീക്ക് സമയത്ത് ഉപയോഗിക്കാൻ കഴിയുന്ന തരത്തിലായിരിക്കും സംവിധാനം ഒരുക്കുക.
ആയിരം മെഗാവാട്ട് ശേഷിയുള്ള വലിയ ബാറ്ററി സ്റ്റോറേജ് സംവിധാനമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതുവഴി സംസ്ഥാനത്തെ ട്രാൻസ്മിഷൻ നെറ്റ്‌വർക്ക് കൂടുതൽ ശക്തിപ്പെടുത്താനും കഴിയുമെന്നാണ് കെ.എസ്.ഇ.ബിയുടെ വിലയിരുത്തൽ.
കേരളത്തിലെ 50 സബ്‌സ്റ്റേഷനുകളിലായിരിക്കും ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം സ്ഥാപിക്കുക. നിലവിൽ ആറ് കേന്ദ്രങ്ങളിൽ പ്രാരംഭഘട്ടമായി ബാറ്ററി സ്റ്റോറേജ് സംവിധാനം പ്രവർത്തിക്കുന്നുണ്ട്.
പദ്ധതിക്കായി കേന്ദ്ര സർക്കാരിൽ നിന്ന് സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനുള്ള നടപടികളും സംസ്ഥാന സർക്കാർ ആരംഭിച്ചിട്ടുണ്ട്. വൈബിലിറ്റി ഗ്യാപ് ഫണ്ടിങ് അഥവാ വി.ജി.എഫ് വഴി കേന്ദ്രസഹായം തേടാനാണ് നീക്കം.




