എറണാകുളം: മുത്തങ്ങ സമരത്തിനിടെ പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയെന്ന കേസിൽ ആദിവാസി ഗോത്ര മഹാസഭ നേതാവ് എം. ഗീതാനന്ദൻ ഉൾപ്പെടെ നാല് പ്രതികളുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റേതാണ് ഉത്തരവ്.
കൽപ്പറ്റ കോടതി 19 വർഷം തടവിന് ശിക്ഷിച്ച പ്രതികളുടെ ശിക്ഷ പിന്നീട് വയനാട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി അഞ്ച് വർഷത്തെ കഠിന തടവും 10,000 രൂപ പിഴയുമായി കുറച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്ത് പ്രതികൾ നൽകിയ അപ്പീലിലാണ് ഹൈക്കോടതിയുടെ നടപടി.
നാല് പ്രതികളുടെയും ശിക്ഷ മരവിപ്പിച്ച കോടതി 46,000 രൂപ കെട്ടിവയ്ക്കാനും നിർദേശിച്ചു. പ്രതികൾ സമർപ്പിച്ച അപ്പീലിൽ പിന്നീട് കോടതി വിശദമായ വാദം കേൾക്കും.
2003 ഫെബ്രുവരി 19നാണ് മുത്തങ്ങ സമരത്തിനിടെ കണ്ണൂർ കെ.എ.പി നാലാം ബറ്റാലിയനിലെ കോൺസ്റ്റബിൾ കെ.വി. വിനോദ് കൊല്ലപ്പെട്ടത്. 2003 ജനുവരി അഞ്ചിനാണ് മുത്തങ്ങ വന്യജീവി സങ്കേതത്തിൽ ആദിവാസികൾ കുടിൽകെട്ടി ഭൂസമരം ആരംഭിച്ചത്.
ആദിവാസി ഗോത്ര മഹാസഭയുടെ നേതൃത്വത്തിൽ നടന്ന സമരത്തിന് നേരെ പൊലീസ് നടപടി ആരംഭിച്ചതോടെ സംഘർഷം രൂക്ഷമായി. ഇതിനിടെ സമരക്കാർ പൊലീസുകാരനായ കെ.വി. വിനോദിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്.
സമരനായിക സി.കെ. ജാനു ഉൾപ്പെടെ 53 പേരാണ് കേസിലെ പ്രതിപ്പട്ടികയിലുള്ളത്. കേസ് ആദ്യം പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും ഒടുവിൽ സി.ബി.ഐ ചെന്നൈ യൂണിറ്റുമാണ് അന്വേഷിച്ചത്.
ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് എറണാകുളം സി.ബി.ഐ കോടതിയിൽ നിന്ന് കേസ് കൽപ്പറ്റയിലേക്ക് മാറ്റിയത്. പൊലീസുകാരനെ തടവിലാക്കി കൊലപ്പെടുത്തിയതിന് ദൃക്‌സാക്ഷികളില്ലെന്നതും കേസിലെ പ്രധാന വാദങ്ങളിലൊന്നാണ്.
അതേസമയം, 2003 ഫെബ്രുവരി 19ന് സമരക്കാർക്ക് നേരെയുണ്ടായ പൊലീസ് വെടിവെപ്പിൽ ജോഗി എന്ന ആദിവാസി യുവാവ് കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ജോഗിയുടെ മരണത്തിൽ കൃത്യമായ അന്വേഷണമോ നിയമനടപടികളോ ഉണ്ടായില്ലെന്ന വിമർശനവും നേരത്തെ ഉയർന്നിരുന്നു.




