കോട്ടയം: തൊടുപുഴയിലെ സ്വകാര്യ സ്ഥാപനത്തിൽ വിദ്യാർഥിയെ സഹപാഠികൾ ക്രൂരമായി മർദ്ദിച്ചതായി പരാതി. ഹോസ്റ്റലിലെ ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചതിന്റെ പ്രതികാരമായാണ് മർദ്ദനമെന്നാണ് പരാതി.
അണക്കര സ്വദേശിയായ 19 വയസുകാരനാണ് ഗുരുതരമായി പരിക്കേറ്റത്. തൊടുപുഴയിലെ ഗ്രാൻഡിസ് എന്ന സ്ഥാപനത്തിൽ മൊബൈൽ ഫോൺ, ലാപ്ടോപ്പ് സർവീസ് കോഴ്സിന് പഠിക്കുകയായിരുന്നു വിദ്യാർഥി. അഞ്ഞൂറിലധികം വിദ്യാർഥികൾ ഇവിടെ പഠിക്കുന്നുണ്ട്.
സ്ഥാപനത്തിന്റെ ഹോസ്റ്റൽ സൗകര്യം ഉപയോഗിച്ചിരുന്ന വിദ്യാർഥി ഉൾപ്പെടെ പതിനൊന്ന് പേരാണ് മൂന്ന് മുറികളുള്ള ഒരു വീട്ടിൽ താമസിച്ചിരുന്നത്. ഇതിനിടെ, ഹോസ്റ്റലിൽ താമസിക്കുന്ന മൂന്ന് പേർ സ്ഥിരമായി കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി ഉപയോഗിക്കുന്നത് വിദ്യാർഥിയുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.
ഇക്കാര്യം അധ്യാപകരെ അറിയിച്ചതിനെ തുടർന്ന്, ദൃശ്യങ്ങൾ ഉൾപ്പെടെ പകർത്തി നൽകാൻ അധ്യാപകർ വിദ്യാർഥിയോട് ആവശ്യപ്പെട്ടെന്നാണ് പരാതി. തുടർന്ന് അധ്യാപകർ ഹോസ്റ്റലിലെത്തി കാര്യങ്ങൾ അന്വേഷിച്ചപ്പോൾ ലഹരി ഉപയോഗിച്ചതായി വിദ്യാർഥികൾ സമ്മതിച്ചെങ്കിലും ഒരുതവണ മാത്രമാണ് ഉപയോഗിച്ചതെന്നായിരുന്നു വിശദീകരണം.
എന്നാൽ ഇവർക്കെതിരെ മറ്റ് നടപടികൾ സ്വീകരിക്കുകയോ വീട്ടുകാരെ വിവരം അറിയിക്കുകയോ ചെയ്തില്ലെന്നാണ് മർദ്ദനമേറ്റ വിദ്യാർഥിയുടെ ആരോപണം.
പിന്നാലെ അധ്യാപകർക്ക് ദൃശ്യങ്ങൾ കൈമാറിയത് ആരാണെന്ന് സഹപാഠികൾ മനസിലാക്കി. ഇതോടെ വിദ്യാർഥിയെ അസഭ്യം പറയുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തെന്നാണ് പരാതി. മർദ്ദനത്തിൽ ജനനേന്ദ്രിയത്തിന് ഗുരുതരമായി പരിക്കേറ്റതായും വിദ്യാർഥി പറയുന്നു.
തിങ്കളാഴ്ച നടന്ന സംഭവം ഭയം മൂലം വിദ്യാർഥി വീട്ടുകാരോട് പറഞ്ഞിരുന്നില്ല. എന്നാൽ വേദന വർധിച്ചതോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
സംഭവത്തിൽ ഒരാളെ തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്തതിനാൽ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയ ശേഷം ഇയാളെ വീട്ടുകാർക്കൊപ്പം വിട്ടയച്ചു.
അതേസമയം, സംഭവത്തിൽ ഉൾപ്പെട്ട മറ്റ് രണ്ട് പേർക്കെതിരെ ഇതുവരെ കേസെടുത്തിട്ടില്ലെന്നാണ് പരാതി. സംഭവത്തിൽ കൂടുതൽ നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷ.




