പത്തനംതിട്ട കലഞ്ഞൂരിൽ പുലർച്ചെയുണ്ടായ ദാരുണമായ വാഹനാപകടത്തിൽ അച്ഛനും മകളും മരിച്ചു. തമിഴ്‌നാട്ടിൽ സ്ഥിരതാമസമാക്കിയ ആലുവ സ്വദേശി സുന്ദർ രാജ്, മകൾ ജനനി എന്നിവരാണ് മരിച്ചത്. പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വലിയപള്ളിക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം. കാറിലുണ്ടായിരുന്ന മറ്റ് രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് കേരളത്തെ നടുക്കിയ അപകടം സംഭവിച്ചത്. തമിഴ്‌നാട്ടിലെ ശിവകാശിയിൽ നിന്നും ആലുവയിലെ സ്വന്തം നാട്ടിലേക്ക് വരികയായിരുന്ന കാർ എതിരെ വന്ന ലോറിയുമായി നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നുപോയി. കാറിൽ ആകെ നാല് പേരാണ് ഉണ്ടായിരുന്നത്.
അപകടത്തിൽ സുന്ദർ രാജും മകൾ ജനനിയും സംഭവസ്ഥലത്തു തന്നെ മരണപ്പെട്ടു. പരിക്കേറ്റ ജനനിയുടെ സഹോദരനെ വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. കാറിലുണ്ടായിരുന്ന പ്രണവ് എന്നയാൾ പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ലോറിയിലുണ്ടായിരുന്നവർക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.
അപകടം നടന്നയുടൻ തദ്ദേശവാസികളും പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയാണ് കാർ വെട്ടിപ്പൊളിച്ച് ആളുകളെ പുറത്തെടുത്തത്. തുടർന്ന് ഫയർഫോഴ്സ് എത്തിയാണ് റോഡിൽ കിടന്ന ലോറി ഉയർത്തി മാറ്റിയത്. മരിച്ചവരുടെ ഭൗതികശരീരങ്ങൾ പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.




