യൂത്ത് കോൺഗ്രസ് പ്രവർത്തകൻ മട്ടന്നൂർ ഷുഹൈബ് വധക്കേസിൽ പ്രതിഭാഗത്തിന് കനത്ത തിരിച്ചടി. കേസ് പരിഗണിക്കുന്ന വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജി തലശ്ശേരി സെഷൻസ് കോടതി തള്ളി. നിലവിൽ തലശ്ശേരി മൂന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്. ഹർജി തള്ളിയ സാഹചര്യത്തിൽ നാളെ ഇതേ കോടതിയിൽ തന്നെ കേസിലെ നിർണ്ണായക വിസ്താരം തുടരും.
കൊലപാതകം നടന്ന് എട്ട് വർഷങ്ങൾക്ക് ശേഷമാണ് മട്ടന്നൂർ ഷുഹൈബ് വധക്കേസിൽ വിചാരണ നടപടികൾ ആരംഭിക്കുന്നത്. കഴിഞ്ഞ മേയ് 18-നായിരുന്നു വിചാരണയ്ക്ക് തുടക്കമായത്. ആക്രമണത്തിൽ പരിക്കേറ്റവരും ഷുഹൈബിന്റെ സുഹൃത്തുക്കളുമായ രണ്ട് പ്രധാന സാക്ഷികളുടെ വിസ്താരം പ്രോസിക്യൂഷൻ വിജയകരമായി പൂർത്തിയാക്കിയിരുന്നു. എന്നാൽ കേസ് നിലവിലെ കോടതിയിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതിഭാഗം ഹർജി നൽകിയതോടെ, സാക്ഷികളുടെ ക്രോസ് വിസ്താരത്തിൽ നിന്ന് പ്രതിഭാഗം അഭിഭാഷകർ മനഃപൂർവ്വം വിട്ടുനിൽക്കുകയായിരുന്നു.
സെഷൻസ് കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ട സാഹചര്യത്തിൽ, വിചാരണക്കോടതി മാറ്റണമെന്ന ആവശ്യവുമായി പ്രതിഭാഗം ഇനി ഹൈക്കോടതിയെ സമീപിച്ചേക്കുമെന്നാണ് സൂചന. ആകാശ് തില്ലങ്കേരി ഉൾപ്പെടെ 17 സി.പി.ഐ.എം പ്രവർത്തകരാണ് ഈ കൊലപാതകക്കേസിലെ പ്രതികൾ. 2018 ഫെബ്രുവരി 18-നായിരുന്നു എടയന്നൂരിൽ വെച്ച് യൂത്ത് കോൺഗ്രസ് നേതാവായിരുന്ന ഷുഹൈബിനെ അക്രമിസംഘം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം വെട്ടിക്കൊലപ്പെടുത്തിയത്.




