മൂന്നാറിൽ യുവതിയെ തട്ടിക്കൊണ്ടുപോയെന്ന വാർത്തയെ തുടർന്ന് പോലീസിനെ മണിക്കൂറുകളോളം മുൾമുനയിൽ നിർത്തിയ സംഭവത്തിന് ഒടുവിൽ സിനിമാറ്റിക് ക്ലൈമാക്സ്. തട്ടിക്കൊണ്ടുപോകൽ സന്ദേശത്തിന് പിന്നാലെ പരക്കംപാഞ്ഞ മൂന്നാർ, വെള്ളത്തൂവൽ സ്റ്റേഷനുകളിലെ പോലീസ് ഒടുവിൽ കാർ ഉടമയുടെ വീട്ടിലെത്തിയപ്പോഴാണ് സംഭവത്തിന്റെ യഥാർത്ഥ ട്വിസ്റ്റ് പുറത്തുവന്നത്.
കഴിഞ്ഞ ദിവസം (മെയ് 31-ന്) ഉച്ചകഴിഞ്ഞാണ് പോലീസിന്റെ ടോൾ ഫ്രീ നമ്പറിലേക്ക് ഒരു ടാക്സി ഡ്രൈവറുടെ അടിയന്തര ഫോൺ കോളെത്തുന്നത്. ആനച്ചാൽ ടൗണിൽ വെച്ച് ഒരു യുവതിയെ കാറിൽ തട്ടിക്കൊണ്ടുപോയി എന്നായിരുന്നു സന്ദേശം. സംഭവം ഗൗരവമായെടുത്ത മൂന്നാർ, വെള്ളത്തൂവൽ സ്റ്റേഷനുകളിലെ പോലീസ് ഉദ്യോഗസ്ഥർ ഉടനടി രംഗത്തിറങ്ങുകയും വിവിധയിടങ്ങളിലായി വ്യാപക പരിശോധന ആരംഭിക്കുകയും ചെയ്തു.
തുടർന്ന് നടത്തിയ ഊർജിതമായ അന്വേഷണത്തിനൊടുവിൽ സംശയസ്പദമായ കാറിന്റെ നമ്പർ പോലീസിന് ലഭിച്ചു. ഈ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ചിത്തിരപുരം സ്വദേശിയുടേതാണ് കാറെന്ന് പോലീസ് കണ്ടെത്തുകയും, പോലീസ് സംഘം നേരെ ഉടമയുടെ വീട്ടിലേക്ക് പാഞ്ഞെത്തുകയുമായിരുന്നു.
എന്നാൽ ചിത്തിരപുരത്തെ വീട്ടിലെത്തിയ പോലീസ് സംഘം കണ്ടത് മറ്റൊരു കാഴ്ചയായിരുന്നു. ആനച്ചാൽ ടൗണിൽ വെച്ച് കാറിൽ നിന്നിറങ്ങുന്നതിനിടെ ഡോറിൽ തട്ടി താഴെ വീണ സ്വന്തം ഭാര്യയെ ഭർത്താവ് ധൃതിയിൽ എടുത്ത് കാറിൽ കിടത്തി വേഗത്തിൽ ആശുപത്രിയിലേക്ക് പോയതായിരുന്നു യഥാർത്ഥ സംഭവം. എന്നാൽ ദൂരത്തുനിന്ന് ഇത് കണ്ട ടാക്സി ഡ്രൈവർ യുവതിയെ ആരോ തട്ടിക്കൊണ്ടുപോവുകയാണെന്ന് തെറ്റിദ്ധരിച്ച് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
തങ്ങളുടെ ഒരു ചെറിയ അശ്രദ്ധ കാരണം പോലീസ് സംഘം പാഞ്ഞെത്തിയ വിവരം ദമ്പതികൾ അറിയുന്നത് പോലീസ് വീട്ടിൽ എത്തിയപ്പോഴാണ്. എന്തായാലും മണിക്കൂറുകളോളം നീണ്ട ആശങ്കയ്ക്കൊടുവിൽ വലിയൊരു അപകടമല്ലെന്ന് തിരിച്ചറിഞ്ഞ ആശ്വാസത്തിലാണ് പോലീസും നാട്ടുകാരും.




