കന്നിയങ്കത്തിൽ വൻ വിജയം നേടി തമിഴ്‌നാട് മുഖ്യമന്ത്രി പദവിയിലെത്തിയ തമിഴക വെട്രി കഴകം (TVK) അധ്യക്ഷൻ വിജയ് ഇന്ന് തിരുച്ചിറപ്പള്ളിയിൽ എത്തും. വോട്ടർമാർക്ക് നന്ദി പറയുന്നതിനായി വൈകീട്ട് നാലിന് തിരുച്ചിറപ്പള്ളി സെന്റ് ജോസഫ്‌സ് കോളേജിൽ നടക്കുന്ന വൻ പൊതുയോഗത്തിൽ അദ്ദേഹം പ്രസംഗിക്കും. വിജയ് ഒഴിഞ്ഞ മണ്ഡലത്തിൽ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ നടി തൃഷ കൃഷ്ണ ടി.വി.കെ സ്ഥാനാർത്ഥിയാകുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ ഈ സന്ദർശനം.
തിരുച്ചിറപ്പള്ളി ഈസ്റ്റ്, പെരമ്പൂർ എന്നീ രണ്ട് മണ്ഡലങ്ങളിൽ നിന്നുമാണ് കന്നിയങ്കത്തിൽ വിജയ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. തുടർന്ന് നിയമപരമായ കാരണങ്ങളാൽ തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലത്തിൽ നിന്നും വിജയ് രാജി വെക്കുകയായിരുന്നു. എന്നാൽ വിജയിച്ചതിന് ശേഷം വോട്ടർമാർക്ക് നന്ദി പറയാൻ പോലും നിൽക്കാതെ വിജയ് മണ്ഡലം ഒഴിഞ്ഞു എന്ന തരത്തിൽ പ്രതിപക്ഷ മണികൾ വിമർശനം ഉയർത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് വിമർശകർക്ക് മറുപടിയുമായി വിജയ് ഇന്ന് ട്രിച്ചിയിൽ എത്തുന്നത്. കർശന സുരക്ഷയിൽ നടക്കുന്ന പൊതുയോഗത്തിൽ ക്യു.ആർ (QR) കോഡ് പതിപ്പിച്ച ടിക്കറ്റുള്ള 5000 പേർക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്.
കൃത്യമായ രാഷ്ട്രീയ കണക്കുകൂട്ടലുകളോടെയാണ് വിജയ് ട്രിച്ചി ഈസ്റ്റിൽ മത്സരത്തിനിറങ്ങിയത്. നഗരപ്രദേശങ്ങൾ കൂടുതലുള്ള, വെള്ളാളർ സമുദായത്തിൽ നിന്നുള്ള ക്രിസ്ത്യൻ വോട്ടുകളും മറ്റ് ന്യൂനപക്ഷ വോട്ടുകളും നിർണ്ണായകമായ മണ്ഡലമാണിത്. കടുത്ത മത്സരം പ്രവചിക്കപ്പെട്ട മണ്ഡലത്തിൽ 2700-ൽ പരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയ് വിജയിച്ചുകയറിയത്.
ഈ സീറ്റിൽ വിജയിക്ക് പകരക്കാരിയായി പ്രമുഖ തെന്നിന്ത്യൻ നടി തൃഷ കൃഷ്ണ ടി.വി.കെ സ്ഥാനാർത്ഥിയായി മത്സരിച്ചേക്കുമെന്ന ചർച്ചകൾ തമിഴ് രാഷ്ട്രീയത്തിൽ ഇപ്പോൾ സജീവമാണ്. വിജയ്‌യുമായി അടുത്ത സൗഹൃദം പുലർത്തുന്ന തൃഷയുടെ പേര് അണിയറയിൽ ഉയർന്നു കേൾക്കുന്നുണ്ടെങ്കിലും പാർട്ടി നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഉണ്ടായിട്ടില്ല. ഇന്നത്തെ മുഖ്യമന്ത്രിയുടെ പ്രസംഗത്തോടെ ഈ ആകാംക്ഷകൾക്ക് വിരാമമാകുമെന്നാണ് അണികളുടെ പ്രതീക്ഷ.




