കൊച്ചി നഗരത്തിൽ ലഹരിമരുന്ന് വ്യാപനം തടയാൻ പോലീസ് നടത്തുന്ന ശക്തമായ പരിശോധനകൾക്കിടെ വൻ കഞ്ചാവ് വേട്ട. ആറ് കിലോയിലധികം കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ കൊച്ചി സിറ്റി പോലീസ് പിടികൂടി. പശ്ചിമ ബംഗാൾ സ്വദേശികളായ മഹഫൂജ് എസ്.കെ, ഈമാൻ എസ്.കെ എന്നിവരാണ് പിടിയിലായത്. ഇവർ സഹോദരങ്ങളാണെന്നാണ് പോലീസിൽ നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം. ലഹരിമരുന്ന് വിൽപ്പനയെക്കുറിച്ച് പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
കൊച്ചി നഗരത്തെ ലഹരിമുക്തമാക്കാനുള്ള പോലീസിന്റെ ‘ഡ്രൈവിനിടെയാണ്’ വീണ്ടും വൻ ലഹരിവേട്ട നടന്നിരിക്കുന്നത്. പശ്ചിമ ബംഗാളിലെ മുർഷിദാബാദ് സ്വദേശികളായ മഹഫൂജ്, ഈമാൻ എന്നിവരാണ് കൊച്ചി സിറ്റി ഡാൻസാഫ് ടീമിന്റെ വലയിലായത്. നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ടി.ഡി. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇരുമ്പനം ചുങ്കത്ത് റോഡിലുള്ള പ്രതികളുടെ വാടക വീട് വളഞ്ഞാണ് ഇവരെ പിടികൂടിയത്.
പ്രതികൾ താമസിച്ചിരുന്ന മുറിയിൽ നടത്തിയ വിശദമായ പരിശോധനയിലാണ് വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന 6.112 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തത്. നഗരത്തിലെ അതിഥി തൊഴിലാളികൾക്കിടയിലും വിദ്യാർത്ഥികൾക്കിടയിലും ലഹരി എത്തിക്കുന്ന സംഘത്തിലെ പ്രധാനികളാണ് ഇവരെന്ന് പോലീസ് സംശയിക്കുന്നു.
പിടികൂടിയ പ്രതികളെ തുടർനടപടികൾക്കായി ലോക്കൽ പോലീസിന് കൈമാറി. ഇത്രയധികം കഞ്ചാവ് ഇവർക്ക് എവിടെ നിന്നാണ് ലഭിച്ചതെന്നും കൊച്ചിയിലെ ലഹരി മാഫിയയുമായി ഇവർക്ക് എന്തെങ്കിലും ബന്ധമുണ്ടോ എന്നും അറിയാൻ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ നഗരത്തിൽ പരിശോധനകൾ ശക്തമായി തുടരുമെന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.




