കുറ്റിപ്പുറം: മലപ്പുറം ജില്ലയിലൂടെ കടന്നുപോകുന്ന ആറുവരിപ്പാതയുടെ നിര്‍മാണം 2025 മാര്‍ച്ച് 31ന് അകം പൂര്‍ത്തിയായേക്കും. ദേശീയപാത അതോറിറ്റി നിര്‍ദേശിച്ച ഈ സമയത്തിനകം ജോലികള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ കരാര്‍ ഏറ്റെടുത്ത കെഎന്‍ആര്‍സിഎല്‍ കമ്പനിക്കു കനത്ത പിഴ അടയ്‌ക്കേണ്ടിവരും. ഇതുകൊണ്ടുതന്നെ നിശ്ചിത സമയത്തിനുള്ളില്‍ പാതയുടെ നിര്‍മാണം പൂര്‍ത്തിയാക്കാനുള്ള തീവ്രശ്രമത്തിലാണ് കെഎന്‍ആര്‍സിഎല്‍. 2024 ഓഗസ്റ്റില്‍ കരാര്‍ പ്രകാരം നിര്‍മാണം പൂര്‍ത്തിയാക്കേണ്ട പദ്ധതിയാണ് 7 മാസം നീട്ടിയത്.
കോഴിക്കോട് ജില്ലാ അതിര്‍ത്തിയായ ഇടിമുഴിക്കലില്‍ നിന്ന് തൃശൂര്‍ ജില്ലാ അതിര്‍ത്തിയായ പുതിയിരുത്തിവരെയുള്ള 75 കിലോമീറ്റര്‍ ദൂരത്തിലാണ് ജോലികള്‍ പുരോഗമിക്കുന്നത്. പാലങ്ങള്‍ അടക്കമുള്ള പ്രധാന നിര്‍മാണ ജോലികള്‍ എല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞു. സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ വയഡക്ട് പാലമായ വട്ടപ്പാറ -ഓണിയല്‍ പാലത്തിന്റെ നിര്‍മാണമാണ് പ്രധാനമായും അവശേഷിക്കുന്നത്. ഇതിന്റെ ജോലികള്‍ പുരോഗമിക്കുകയാണ്. വട്ടപ്പാറ വളവിന് മുകള്‍ ഭാഗത്തുനിന്ന് ആരംഭിക്കുന്ന വയഡക്ട് വളാഞ്ചേരി -കുറ്റിപ്പുറം റോഡിലെ ഓണിയല്‍ പാലത്തിലാണ് എത്തിച്ചേരുന്നത്.
ജില്ലയില്‍ 2 റീച്ചുകളിലായാണു ജോലികള്‍ നടക്കുന്നത്. ജില്ലയിലെ ടോള്‍ പ്ലാസയും ആറുവരിപ്പാതയിലെ വിശ്രമ കേന്ദ്രം, ശുചിമുറി സംവിധാനം അടക്കമുള്ളവയും വെട്ടിച്ചിറയിലാണ് ഒരുങ്ങുന്നത്. ഇതിന്റെ ജോലികളും പുരോഗമിക്കുകയാണ്. ജില്ലയില്‍ 75 കിലോമീറ്റര്‍ ദൂരത്തിലൂടെ കടന്നുപോകുന്ന പാതയില്‍ ടോള്‍ പ്ലാസയില്‍ മാത്രമാണു വാഹനങ്ങള്‍ക്കു നിര്‍ത്തേണ്ടി വരിക. ‘യു’ ടേണുകളും സിഗ്‌നല്‍ സംവിധാനവും ഇല്ലാത്ത പാതയിലൂടെ ജില്ല കടക്കാന്‍ പരമാവധി 75 മിനിറ്റ് സമയം വേണം.