ഉത്തര്‍പ്രദേശിലെ രാജസുല്‍ത്താന്‍പൂരില്‍ ബന്ധുവുമായുള്ള പ്രണയം വിസമ്മതിച്ചതിനെ തുടര്‍ന്ന് യുവാവ് സ്വയം വെടിവച്ചു മരിച്ചു. ഇറ്റൗലി ഖുര്‍ദ് സ്വദേശിയായ സന്ദീപ് (30) ആണ് മരിച്ചത്. അമ്മായിയുടെ മകളുമായി സന്ദീപ് പ്രണയത്തിലായിരുന്നു. പിന്നാലെ ഇരുവരും രഹസ്യമായി വിവാഹം കഴിക്കുകയായിരുന്നു. തുടര്‍ന്ന് അവളെ കൂടെ കൊണ്ടുപോകണമെന്ന് നിര്‍ബന്ധിച്ച് സന്ദീപ് പെണ്‍കുട്ടിയുടെ വീട്ടിലെത്തുകയായിരുന്നു.
എന്നാല്‍, ബന്ധുക്കള്‍ വിസമ്മതിച്ചു. ഇതിനിടെ കയ്യില്‍ കരുതിയിരുന്ന തോക്കുപയോഗിച്ച് സന്ദീപ് സ്വയം വെടിയുതിര്‍ക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ഇയാള്‍ വിവാഹ വിഡിയോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതായി കണ്ടെത്തി.