മലപ്പുറം : ജില്ലയില്‍ ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി ഒരാഴ്ചയ്ക്കിടെ പിടിച്ചെടുത്ത് നശിപ്പിച്ചത് പഴകിയതും ഫോര്‍മാലിന്‍ കലര്‍ത്തിയതുമായ 410 കിലോ മത്സ്യം.മത്സ്യങ്ങളില്‍ വ്യാപകമായി മായംചേര്‍ക്കുന്നൂവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ഭക്ഷ്യസുരക്ഷാ കമ്മിഷണറുടെ നിര്‍ദേശപ്രകാരമായിരുന്നു പരിശോധന. 136 മത്സ്യ സാമ്പിളുകള്‍ പരിശോധിച്ചതില്‍ നിന്നാണ് 410 കിലോയോളം വരുന്ന മത്സ്യം ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തി നശിപ്പിച്ചത്.
കൊണ്ടോട്ടി, തിരൂരിലെ മൊത്തവ്യാപാര ചന്തകള്‍, നിലമ്പൂര്‍, പോത്തുകല്ല്, പൊന്നാനി, നരിപ്പറമ്പ്, വണ്ടൂര്‍ എന്നിവിടങ്ങളിലെ ചില്ലറ വില്‍പ്പന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.സഞ്ചരിക്കുന്ന ഭക്ഷ്യസുരക്ഷാ ലബോറട്ടറിയിലാണ് സാംപിളുകള്‍ പരിശോധന നടത്തുന്നത്. കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ 857 കിലോഗ്രാം മത്സ്യം പിടിച്ചെടുത്തു നശിപ്പിച്ചിരുന്നു. പരിശോധന തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.