കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് എക്സ്റ്റെൻഷൻ ഓഫീസർ പിടിയിൽ. മലപ്പുറം വഴിക്കടവ് ഗ്രാമ പഞ്ചായത്ത് ഓഫീസിലെ വില്ലേജ് എക്സ്റ്റെൻഷൻ ഓഫീസറായ നിജാഷ് ആണ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായത്. ലൈഫ് മിഷൻ പദ്ധതിയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി വീട്ടമ്മയിൽ നിന്ന് കൈക്കൂലി വാങ്ങാൻ ശ്രമിക്കുകയായിരുന്നു. ഇവരുടെ ഇടപെടലാണ് വില്ലേജ് എക്സ്റ്റെൻഷൻ ഓഫീസറെ കുടുക്കിയത്.
വഴിക്കടവ് സ്വദേശിനിക്ക് ഗ്രാമപഞ്ചായത്ത് വാങ്ങിനൽകിയ വസ്തുവിൽ ലൈഫ് മിഷൻ ഭവന പദ്ധതി പ്രകാരം അനുവദിച്ച വീട് നിർമിക്കുന്നതിനുള്ള ആദ്യ ഗഢു കഴിഞ്ഞ ദിവസമാണ് അക്കൗണ്ടിൽ എത്തിയത്. 40,000 രൂപയാണ് ലഭിച്ചത്. ഇതറിഞ്ഞ നിജാഷ് അടുത്ത ഗഢു തുകകൾ അനുവദിക്കണമെങ്കിൽ ഇരുപതിനായിരം രൂപ കൈക്കൂലി നൽകണമെന്ന് ആവശ്യപ്പെട്ടു. ഇരുപതിനായിരം രൂപ കൈക്കൂലി നൽകാനില്ലെന്ന് വീട്ടമ്മ ഇയാളോട് പറഞ്ഞു. പതിനായിരം രൂപ ആദ്യം നൽകാനും പിന്നീട് ബാക്കി തുക നൽകിയാൽ മതിയെന്നുമായിരുന്നു ഇയാൾ പറയുകയായിരുന്നു.
തുടർന്ന് വീട്ടമ്മ ഈ വിവരം മലപ്പുറം വിജിലൻസ് ഡിവൈഎസ്പി ഫിറോസ് എം ഷഫീക്കിനെ അറിയിക്കുകയായിരുന്നു. ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം നിജാഷിന് നൽകാൻ പതിനായിരം രൂപയുമായി വീട്ടമ്മ ഓഫിസിൽ എത്തി. പരാതിക്കരിയില്‍ നിന്നും 10,000 രൂപ കൈക്കൂലി വാങ്ങുമ്പോൾ നിജാഷിനെ കൈയ്യോടെ പിടികൂടുകയായിരുന്നു. പ്രതിയെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കുമെന്നും വിജിലന്‍സ് അറിയിച്ചു.