പുതുശേരി ദേശീയപാതയില്‍ യാത്രക്കാരെ ആക്രമിച്ച് 4.50 കോടി രൂപയും കാറും കവര്‍ന്നു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. മലപ്പുറം മേലാറ്റൂര്‍ സ്വദേശികളായ മുഹമ്മദ് ആസിഫ് (40), മുഹമ്മദ് ഷാഫി (38), ഇബ്‌നു വഹ(24) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരില്‍നിന്ന് കവര്‍ന്നത് കുഴല്‍പ്പണം ആണെന്നും കവര്‍ച്ച നടത്തിയത് ദേശീയപാത കേന്ദ്രീകരിച്ചുള്ള കുഴല്‍പ്പണ കവര്‍ച്ച സംഘമാണെന്നുമാണ് പൊലീസ് നിഗമനം.
ശനി പുലര്‍ച്ചെ മൂന്നരയോടെ ദേശീയപാത പുതുശേരി കുരുടിക്കാടാണ് കവര്‍ച്ച നടന്നത്. ബംഗളൂരുവില്‍നിന്ന് മലപ്പുറത്തേക്ക് പോകുകയായിരുന്ന കാര്‍ ടിപ്പര്‍ ലോറി റോഡിനു കുറുകെ ഇട്ടാണ് തടഞ്ഞത്. ഈ സമയം രണ്ട് കാറുകളിലായെത്തിയ 15 അംഗം സംഘം മാരകായുധങ്ങളുമായി ഇവരെ ആക്രമിച്ചു. മൂന്നുപേരെയും കാറിലേക്ക് പിടിച്ചുകയറ്റിയശേഷം തൃശൂര്‍ മാപ്രാണം താണാവ് എത്തിയപ്പോള്‍ റോഡിലേക്ക് തള്ളിയിട്ടു. ഇവിടെനിന്ന് അരക്കിലോമീറ്റര്‍ അകലെ കാര്‍ ഉപേക്ഷിച്ച സംഘം വന്നകാറുകളില്‍ തന്നെ മടങ്ങി.
ശനി രാത്രിയോടെയാണ് കാര്‍ യാത്രക്കാര്‍ കസബ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. വാളയാര്‍ ടോള്‍ പ്ലാസയിലെയും ദേശീയപാതയിലെയും സിസിടിവി ക്യാമറകളില്‍നിന്നുള്ള ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. അക്രമികള്‍ എത്തിയ കാറിന്റെ ദൃശ്യങ്ങള്‍ ലഭിച്ചെങ്കിലും നമ്പറുകള്‍ വ്യാജമാണെന്നാണ് വിവരം. എഎസ്പി എ ഷാഹുല്‍ ഹമീദിന്റെ നേതൃത്വത്തിലാണ് അന്വേഷണം.