ട്രഷറികളില്‍ 2000 രൂപയുടെ നോട്ട് സ്വീകരിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. റിസര്‍വ് ബാങ്ക് പിന്‍വലിച്ച 2000 രൂപ നോട്ട് ട്രഷറികളില്‍ സ്വീകരിക്കുന്നത് സംബന്ധിച്ച് ആശയക്കുഴപ്പം നിലനിന്നിരുന്നു. ഇതിലാണ് ഇപ്പോള്‍ വ്യക്തത വന്നിരിക്കുന്നത്. നോട്ടുകള്‍ സെപ്റ്റംബര്‍ 30 വരെ ബാങ്കുകളില്‍ നല്‍കി മാറ്റിയെടുക്കാന്‍ ആര്‍ബിഐ അവസരം നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നോട്ട് സ്വീകരിക്കാതിരിക്കുന്നത് നിയമവിരുദ്ധമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. 23 മുതല്‍ എല്ലാ ബാങ്കുകളില്‍ നിന്നും നോട്ടുകള്‍ മാറിയെടുക്കാന്‍ സാധിക്കും.
2000 രൂപയുടെ നോട്ട് സ്വീകരിക്കുമെന്ന് കെഎസ്ആര്‍ടിസിയും വ്യക്തമാക്കിയിട്ടുണ്ട്. കെഎസ്ആര്‍ടിസിയില്‍ നോട്ടുകള്‍ സ്വീകരിക്കില്ലെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ നോട്ടുകള്‍ നിലവില്‍ സാധാരണപോലെ റിസര്‍വ്ബാങ്ക് നിര്‍ദേശം നല്‍കിയ തീയതിവരെ കെഎസ്ആര്‍ടിസി ബസുകളില്‍ സ്വീകരിക്കും. എല്ലാ യൂണിറ്റുകള്‍ക്കും കണ്ടക്ടര്‍മാര്‍ക്കും ടിക്കറ്റ് കൗണ്ടര്‍ ജീവനക്കാര്‍ക്കും മാനേജ്‌മെന്റ് ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നോട്ടുകള്‍ സ്വീകരിക്കരുതെന്ന നിര്‍ദേശമില്ലെന്നും പരാതി വന്നാല്‍ ഉത്തരവാദികള്‍ക്കെതിരെ നടപടിസ്വീകരിക്കുമെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി.