മഞ്ചേരിയില്‍ വീട്ടില്‍ അതിക്രമിച്ചുകയറി മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 20 വര്‍ഷം കഠിനതടവും 78,500 രൂപ പിഴയും. കാവനൂര്‍ പനപ്പട്ടചാലില്‍ താഴത്തുവീട്ടില്‍ മുട്ടാളന്‍ ശിഹാബിനെ (38)യാണ് മഞ്ചേരി മൂന്നാം സെഷന്‍സ് കോടതി ജഡ്ജി എം തുഷാര്‍ ശിക്ഷിച്ചത്. പീഡിപ്പിച്ച കുറ്റത്തിന് 10 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയുമാണ് ശിക്ഷ.
പിഴയടച്ചില്ലെങ്കില്‍ രണ്ടുമാസം അധിക തടവ് അനുഭവിക്കണം. വീട്ടില്‍ അതിക്രമിച്ചുകയറിയതിന് മൂന്ന് വര്‍ഷം കഠിനതടവും 10,000 രൂപ പിഴയും. പിഴ അടച്ചില്ലെങ്കില്‍ ഒരുമാസം സാധാരണ തടവും അനുഭവിക്കണം. കതക് തള്ളിത്തുറന്ന് അകത്തുകയറിയതിന് രണ്ടുവര്‍ഷം കഠിനതടവും 5000 രൂപ പിഴയും മാനഹാനി വരുത്തിയതിന് രണ്ടുവര്‍ഷം തടവും 5000 രൂപ പിഴയുമാണ് ശിക്ഷ. ഭീഷണിപ്പെടുത്തിയതിനും കൈയേറ്റം ചെയ്തതിനും തടഞ്ഞുനിര്‍ത്തിയ കുറ്റത്തിനും പ്രത്യേകം ശിക്ഷ അനുഭവിക്കണം. പിഴയായി ലഭിക്കുന്ന തുകയില്‍നിന്ന് 75,000 രൂപ അതിജീവിതക്ക് നല്‍കാനും കോടതി നിര്‍ദേശിച്ചു.
2022 ഫെബ്രുവരി 19നാണ് കേസിന് ആസ്പദമായ സംഭവം. 18 സാക്ഷികളെ കോടതി വിസ്തരിച്ചു. 20 രേഖകളും പ്രോസിക്യൂഷന്‍ ഹാജരാക്കി. അരീക്കോട് പൊലീസ് ഇന്‍സ്‌പെക്ടറായിരുന്ന സി വി ലൈജുമോനാണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. പ്രോസിക്യൂഷനായി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ ടി ഗംഗാധരന്‍, പി പ്രദീപ്കുമാര്‍ എന്നിവര്‍ ഹാജരായി.