പന്തളത്ത് തടി ലോറിക്ക് പിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ച് രണ്ട് പേര്‍ മരിച്ചു. ഇന്നലെ രാത്രി പതിനൊന്നരയോടെ പന്തളത്ത് നിന്നും കാരയ്ക്കാടിന് പോകുന്ന വഴി കുളനട മാന്തുക ജംഗ്ഷനിലായിരുന്നു അപകടം. സ്‌കൂട്ടര്‍ യാത്രകാരായ പന്തളം കാരക്കാട് വിഷ്ണു (28), പെണ്ണുക്കര മാടമ്പറത്ത് മോടിയില്‍ വിശ്വജിത്ത് (18) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അമല്‍ജിത്തിന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇയാളെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന തടി ലോറിയുടെ പിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ചു കയറുകയായിരുന്നു. അമിത വേഗതയാണോ അപകടത്തിന് കാരണമെന്ന് സംശയിക്കുന്നുണ്ട്. ഇക്കാര്യം പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.