ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ 1.16 കോടി നഷ്ടപ്പെട്ടതായി എടക്കര കരുനെച്ചി പറമ്പന്‍ റുഖിയ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. എടക്കര ഇന്‍സ്‌പെക്ടര്‍ എന്‍ ബി ഷൈജുവിന്റെ നേതൃത്വത്തില്‍ നാല് പേര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായും പരാതിക്കാരി പറഞ്ഞു.
2019 ആഗസ്ത് 13 മുതല്‍ 2020 മാര്‍ച്ചുവരെയുള്ള കാലയളവിലാണ് തട്ടിപ്പ്. പ്രതികള്‍ നടത്തിയ ടോള്‍ ഡീല്‍ വെന്‍ച്യൂര്‍സ് എല്‍എല്‍പിയെന്ന ഓണ്‍ലൈന്‍ ട്രേഡിങ് കമ്പനി, പ്രിന്‍സസ് ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് സ്ഥാപനങ്ങളിലാണ് യുവതി പണം നിക്ഷേപിച്ചിരുന്നത്. പണം നിക്ഷേപിച്ചാല്‍ ഉയര്‍ന്ന ലാഭവിഹിതം നല്‍കാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. യുവതി നിക്ഷേപിച്ച 1.16 കോടിയോ ലാഭവിഹിതമോ തിരിച്ചുനല്‍കാതെ പ്രതികളുടെ സ്വന്തം ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ച് വിശ്വാസവഞ്ചന നടത്തിയെന്നാണ് കേസ്. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണിത്. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍നിന്ന് നിരവധി പേര്‍ കോടികളാണ് നിക്ഷേപമായി നല്‍കിയത്. നിക്ഷേപകരെ വഞ്ചിച്ച പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും റുഖിയ ആവശ്യപ്പെട്ടു.