പാലക്കാട്: ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ പ്രതിയായ പാർട്ടി നേതാവിനെ സി.പി.ഐ.എം പുറത്താക്കി. ശ്രീകൃഷ്ണപുരം ലോക്കല്‍ കമ്മിറ്റി അംഗം സി. സുജിത്തിനെയാണ് അന്വേഷണവിധേയമായി പാർട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്. ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് അംഗം കൂടിയാണ് സുജിത്ത്.
ശ്രീകൃഷ്ണപുരം സ്വദേശിയായ 23-കാരിയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സുജിത്തിനെതിരെ പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസമാണ് യുവതി പരാതിയുമായി രംഗത്തെത്തിയത്. 2025 മുതല്‍ 2026 വരെയുളള ഒരുവര്‍ഷ കാലയളവില്‍ ജോലി വാഗ്ദാനം ചെയ്ത് സുജിത്ത് തനിക്കെതിരെ പലപ്പോഴായി ലൈംഗിക അതിക്രമം നടത്തിയെന്നാണ് യുവതിയുടെ പരാതി. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കേസിൽ നിയമനടപടികൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി പരാതിക്കാരിയായ യുവതിയുടെ രഹസ്യമൊഴി പൊലീസ് ഉടൻ തന്നെ കോടതി മുൻപാകെ രേഖപ്പെടുത്തും. ജനപ്രതിനിധി കൂടിയായ നേതാവിനെതിരെ പീഡന പരാതി ഉയർന്നത് പാർട്ടിയെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തിലാണ് അടിയന്തര അച്ചടക്ക നടപടിയുമായി സി.പി.ഐ.എം രംഗത്തെത്തിയത്.




