ലോക്‌സഭയ്ക്ക് പിന്നാലെ രാജ്യസഭയും കടന്ന് വഖഫ് നിയമ ഭേദഗതി ബില്‍. വോട്ടെടുപ്പില്‍ 128 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 95 പേര്‍ എതിര്‍ത്തു. ലോക്‌സഭയ്ക്ക് പുറമെ രാജ്യസഭയും ബില്‍ പാസാക്കിയതോടെ ബില്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയക്കും. രാഷ്ട്രപതി ഒപ്പിടുന്നതോടെ ബില്‍ നിയമമാകും. ഇത്രയേറെ വിശദമായ ചര്‍ച്ചകള്‍ നടന്ന മറ്റൊരു ബില്ലുമില്ലെന്ന് ബില്‍ അവതരിപ്പിച്ച് ന്യൂനപക്ഷകാര്യമന്ത്രി കിരണ്‍ റിജിജു പറഞ്ഞു. മുനമ്പം വിഷയം ഇന്നും മന്ത്രി പരാമര്‍ശിച്ചു.
ആദ്യം അവതരിപ്പിച്ച ഡ്രാഫ്റ്റില്‍ നിന്ന് മാറ്റങ്ങള്‍ വരുത്തിയതാണ് ഈ ബില്ല് എന്നത് പരിശോധിച്ചാല്‍ മനസ്സിലാകുമെന്ന് ചര്‍ച്ചയില്‍ മറുപടി പറയവേ കിരണ്‍ റിജിജു വ്യക്തമാക്കി. ജെപിസിയിലെ പ്രതിപക്ഷ അംഗം പറഞ്ഞു താന്‍ പറഞ്ഞത് അംഗീകരിച്ചില്ല എന്ന്. നാലില്‍ കൂടുതല്‍ അമുസ്ലിങ്ങള്‍ വഖഫ് കൗണ്‍സിലില്‍ ഇല്ല. എന്നിട്ടും ഇവര്‍ പറയുന്നു മുസ്ലിം ഭൂരിപക്ഷത്തെ കുറയ്ക്കുകയാണെന്ന് കിരണ്‍ റിജിജു പറഞ്ഞു.
ബില്‍ സമൂഹത്തെ ഭിന്നിപ്പിക്കുന്നതും ഭരണഘടനാ വിരുദ്ധമെന്നും പ്രതിപക്ഷം ആരോപിച്ചു. ബില്ലിനെതിരെ പ്രതിഷേധമുയര്‍ത്തി കറുത്ത വസ്ത്രമണിഞ്ഞാണ് കേരളത്തില്‍ നിന്നുള്ള ഇടത് അംഗങ്ങള്‍ സഭയിലെത്തിയത്. മുനമ്പത്ത് ഒരാള്‍ക്ക് പോലും വീട് നഷ്ടമാകില്ലെന്ന് ഡോക്ടര്‍ ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. 2014 ലെ തെരഞ്ഞെടുപ്പ് പ്രകടനപത്രിയില്‍ ബിജെപി പറഞ്ഞു വഖഫ് ഭൂമിയിന്മേല്‍ ഉള്ള കടന്നുകയറ്റം തടയുമെന്ന്. ഭരണഘടന ലംഘനമാണ് ബില്ലില്‍ ഉടനീളം. മതത്തിന്റെ പേരില്‍ വേര്‍തിരിക്കാനാണ് ബിജെപിയുടെ ശ്രമം -ബ്രിട്ടാസ് പറഞ്ഞു. ഇതിന് മറുപടിയുമായി സുരേഷ് ഗോപിയും രംഗത്തെത്തി. 600 ഓളം കുടുംബങ്ങളെയാണ് മുനമ്പത്ത് ചതിയില്‍പ്പെടുത്തിയിരിക്കുന്നത്. പരിഹാരത്തിനായി രൂപീകരിച്ച കമ്മീഷനെ ഹൈക്കോടതി എടുത്ത് തോട്ടില്‍ കളഞ്ഞു. നിങ്ങള്‍ അവതരിപ്പിച്ച പ്രമേയം അറബിക്കടലില്‍ ചവിട്ടി താഴ്ത്തും കേരളത്തിലെ ജനങ്ങള്‍ -അദ്ദേഹം വ്യക്തമാക്കി.
ബില്‍ രാജ്യസഭയും കടക്കുന്നതോടെ നിയമമാകാന്‍ ഇനി രാഷ്ട്രപതിയുടെ ഒപ്പുമതി. എന്നാല്‍ ബില്‍ പാസായാല്‍ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നാണ് മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടെ നിലപാട്. അതിനാല്‍ വഖഫ് നിയമഭേദഗതി ബില്‍ പാസായാലും നിയമപോരാട്ടങ്ങള്‍ തുടരും.
രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ നീക്കങ്ങളില്‍ ഒന്നായിരുന്നു വഖഫ് ഭേദഗതി ബില്‍. ഇസ്ലാമിക നിയമപ്രകാരം മതപരമോ, ജീവകാരുണ്യമോ, സ്വകാര്യമോ ആയ ആവശ്യങ്ങള്‍ക്കായി ദൈവത്തിന്റെ പേരില്‍ സമര്‍പ്പിച്ചിരിക്കുന്ന സ്വത്തുക്കളെയാണ് വഖഫ് എന്ന് വിളിക്കുന്നത്. 1954ല്‍ വഖഫുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടുവന്നു. വഖഫ് സ്വത്തുക്കളുടെ വിനിയോഗത്തിന് മേല്‍നോട്ടം വഹിക്കാന്‍ സംസ്ഥാന തലത്തില്‍ വഖഫ് ബോര്‍ഡുകളും കേന്ദ്ര തലത്തില്‍ വഖഫ് കൗണ്‍സിലും നിലവില്‍ വന്നു. 1995ല്‍ ഈ നിയമം റദ്ദാക്കി വഖഫ് ബോര്‍ഡുകള്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന പുതിയ വഖഫ് നിയമം നടപ്പാക്കി. തുടര്‍ന്ന് 2013ല്‍ കൊണ്ടുവന്ന ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ വഖഫിന്റെ പ്രവര്‍ത്തനം.
പുതിയ ഭേദഗതി നിയമപ്രകാരം മാറ്റം വരുന്നത് 44 വകുപ്പുകളിലാണ്. വഖഫ് നിയമത്തിന്റെ സെക്ഷന്‍ 3 (ഐ) യില്‍ മാറ്റം വരും. ഭേദഗതി നിലവില്‍ വന്നാല്‍ കൃത്യമായ രേഖകള്‍ വച്ചുകൊണ്ട് മാത്രമേ വഖഫിന് ഭൂമി ഏറ്റെടുക്കാന്‍ സാധിക്കൂ. വസ്തു വഖഫ് ആക്കി മാറ്റാന്‍ വാക്കാലുള്ള ഉടമ്പടി മതിയെന്ന വ്യവസ്ഥ ഇതോടെ മാറും. മാത്രമല്ല, അഞ്ച് വര്‍ഷമെങ്കിലും ഇസ്ലാം മതം അനുസരിച്ച് ജീവിക്കുന്നയാള്‍ക്ക് മാത്രമേ വസ്തു വഖഫാക്കി മാറ്റാന്‍ സാധിക്കുകയുള്ളു. വഖഫ് ബോര്‍ഡുകളുടെ അധികാര പരിധിയും സ്വത്ത് വിനിയോഗവും നിയന്ത്രിക്കപ്പെടുമെന്നതാണ് ഏറ്റവും പ്രധാന കാര്യം. ഭേദഗതി പ്രകാരം ഭൂമി വഖഫില്‍ പെട്ടതാണോ എന്ന് തീരുമാനിക്കാനുള്ള അധികാരം ബോര്‍ഡിന് നഷ്ടമാകും. പകരം ജില്ലാ കലക്ടര്‍മാര്‍ക്കായിരിക്കും വസ്തുവിന്റെ സര്‍വേ ഉത്തരവാദിത്തം. നിലവില്‍ ഭൂരിപക്ഷം വഖഫ് ബോര്‍ഡ് അംഗങ്ങളും തെരഞ്ഞെടുക്കപ്പെടുന്നവരാണ്. എന്നാല്‍ പുതിയ ബില്ല് നിയമമാകുന്നതോടെ സര്‍ക്കാരിന് മുഴുവന്‍ അംഗങ്ങളെയും നോമിനേറ്റ് ചെയ്യാം. സമുദായം നിയന്ത്രിക്കുന്ന ബോര്‍ഡുകളില്‍ നിന്നും ട്രൈബ്യൂണലുകളില്‍ നിന്നും വഖഫ് ഭരിക്കാനുള്ള അധികാരം ഭരണത്തിലിരിക്കുന്നവരുടെ നിയന്ത്രണത്തിലേക്ക് മാറും.