മലപ്പുറം: ഹയര്‍സെക്കന്ററിയിലെ ജോഗ്രഫി പഠനം രസകരവും എളുപ്പവുമാക്കാന്‍ സ്‌കൂളുകളില്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങളൊരുങ്ങുന്നു. ജോഗ്രഫി പഠിപ്പിക്കുന്ന സര്‍ക്കാര്‍ ഹയര്‍സെക്കന്ററി, വിഎച്ച് എസ് ഇ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് കാലാവസ്ഥ നിരീക്ഷണത്തിനായുള്ള സൗകര്യമൊരുക്കുന്നത്. സമഗ്ര ശിക്ഷാ അഭിയാന്റെ നേതൃത്വത്തിലാണ് പദ്ധതി. ജില്ലയില്‍ പതിനേഴ് സ്‌കൂളുകളാണ് ഇതിനായി തിരഞ്ഞെടുത്തിട്ടുള്ളത്. 14 സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്‌കൂളുകളിലും മൂന്ന് വിഎച്ച്എസ്ഇ സ്‌കൂളുകളിലുമാണ് നിരീക്ഷണകേന്ദ്രം തയ്യാറാക്കുന്നത്. മഴയുടെ അളവ് , കാറ്റിന്റെ വേഗം, അന്തരീക്ഷ മര്‍ദം എന്നിവ നിരീക്ഷിക്കാനും അവ രേഖപ്പെടുത്തി വെച്ച് കൂടുതല്‍ ആഴത്തിലുള്ള പടനങ്ങള്‍ സാധ്യമാക്കാനും ജോഗ്രഫി പഠനത്തില്‍ സ്‌കൂള്‍ തലം തൊട്ട് കൂടുതല്‍ പരിശീലനം നല്‍കാനും നിരീക്ഷണ കേന്ദ്രങ്ങള്‍ ഉപകരിക്കും. സ്‌കൂളുകളില്‍ നിന്ന് ലഭിക്കുന്ന പരിശീലനം ബിരുദതല ജോഗ്രഫി പഠനങ്ങള്‍ക്കും ഉപകാരപ്രദമാകും. സ്‌കൂളുകളില്‍ സ്ഥാപിക്കുന്ന സ്റ്റേഷനില്‍ 13 വീതം ഉപകരണങ്ങളായിരിക്കും ഇതിനായി സജ്ജമാക്കുക. വിദ്യാര്‍ഥികള്‍ ശേഖരിച്ച വിവരങ്ങള്‍ സ്‌കൂള്‍ വിക്കിയും വിശദമായ രേഖകള്‍ മറ്റു വെബ്‌സൈറ്റിലും പ്രസിദ്ധീകരിക്കും. ഇതിലൂടെ പൊതുജനങ്ങള്‍ക്കും കാലാവസ്ഥ വിശേഷങ്ങള്‍ അറിയാനാകും. 13,000 രൂപയാണ് ജില്ലയിലെ ഓരോ സ്‌കൂളിനുമായി പദ്ധതിയില്‍ അനുവദിച്ചിട്ടുള്ളത്. പ്രവര്‍ത്തനങ്ങള്‍ പഠിപ്പിക്കുന്നതിനായി പ്രത്യേക പരിശീലനം എസ്എസ്‌കെയുടെ നേതൃത്വത്തില്‍ അധ്യാപകര്‍ക്ക് നല്‍കിവരികയാണ്.