പൊന്നാനി: 52 ദിവസം നീണ്ടുനില്‍ക്കുന്ന ട്രോളിങ് നിരോധനം വ്യാഴാഴ്ച അര്‍ധരാത്രിമുതല്‍. ജൂലൈ 31 അര്‍ധരാത്രിവരെയാണ് നിരോധനം. ജില്ലയിലെ മുഴുവന്‍ ട്രോളിങ് ബോട്ടുകളും ഒമ്പതിന് വൈകിട്ടോടെ തീരമണയും. ആഴക്കടല്‍ മത്സ്യബന്ധനം നടത്തുന്ന ഇതരസംസ്ഥാന ബോട്ടുള്‍പ്പെടെ ചെറുതും വലുതുമായ മുഴുവന്‍ ബോട്ടുകളും വ്യാഴാഴ്ച രാത്രിയോടെ തീരത്തടുപ്പിക്കാന്‍ ഫിഷറീസ് നിര്‍ദേശം നല്‍കി. ഇരുന്നൂറോളം ട്രോളിങ് ബോട്ടുകളാണ് ജില്ലയിലുള്ളത്.
ട്രോളിങ് നിരോധനം തീരത്തിന് വറുതിക്കാലമാണ്. മത്സ്യലഭ്യതക്കുറവും നിത്യേനയുള്ള ഇന്ധന വിലവര്‍ധനയും മത്സ്യമേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരുമാസത്തിനിടെ 22 തവണയാണ് ഇന്ധന വില കൂട്ടിയത്. വലിയ ബോട്ട് രണ്ട് ദിവസത്തെ മത്സ്യബന്ധനം നടത്തുന്നതിന് 1200 ലിറ്റര്‍ ഡീസല്‍ വേണം. നിത്യേനയുള്ള വില വര്‍ധനയില്‍ പതിനയ്യായിരത്തോളം രൂപയാണ് അധിക ചെലവ്.