നിലമ്പൂര്‍: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ജമാഅത്തെ ഇസ്ലാമിയുടെ വെല്‍ഫയര്‍ പാര്‍ട്ടി യുഡിഎഫിന് പിന്തുണ നല്‍കുന്നതില്‍ അപ്രതീക്ഷിതമായി ഒന്നുമില്ലായെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ്. ഇത്തരം ഘട്ടങ്ങളില്‍ ചേരേണ്ടവര്‍ തമ്മില്‍ തന്നെയാണ് ചേരുക. കഴിഞ്ഞ തിരഞ്ഞെടുപ്പിലും ജമാഅത്തെ ഇസ്ലാമി യുഡിഎഫിന്റെ ഘടകകക്ഷി എന്നപോലെ തന്നെയാണ് നിലപാടെടുത്തത്. അപ്രഖ്യാപിത ഘടകകക്ഷിയായാണ് വെല്‍ഫെയര്‍ പാര്‍ട്ടി അന്ന് പ്രവര്‍ത്തിച്ചത്. അത്തരം ശക്തികള്‍ക്കെതിരായി ഉള്ള നിലപാട് തുടരുമെന്നും സ്വരാജ് വ്യക്തമാക്കി.
ആര്യാടന്‍ മുഹമ്മദ് ജമാഅത്തെ ഇസ്ലാമിയെ എതിര്‍ത്ത സംഭവത്തില്‍ കോണ്‍ഗ്രസ് തന്നെ വിശദീകരണം നല്‍കട്ടെയെന്ന് സ്വരാജ് പറഞ്ഞു. അവരുടെ യുഡിഎഫ് പിന്തുണ തങ്ങളെ ബാധിക്കുന്ന കാര്യമല്ലായെന്നും പ്രചാരണത്തിന്റെ ആദ്യഘട്ടം ഇന്നത്തോടെ അവസാനിക്കുമെന്നും സ്വരാജ് കൂട്ടിചേര്‍ത്തു.