കോഴിക്കോട്: 18 വർഷത്തെ സൗദി ജയിൽവാസത്തിന് ശേഷം കോഴിക്കോട് സ്വദേശി അബ്ദുൽ റഹീം പെരുന്നാൾ ദിനത്തിൽ തന്നെ ജന്മനാട്ടിൽ തിരിച്ചെത്തിയതിൽ അതിയായ സന്തോഷമുണ്ടെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ. ലോകത്തിന്റെ സ്രഷ്ടാവായ അള്ളാഹു എല്ലാവർക്കും മാപ്പ് കൊടുക്കുന്നവനും നന്മ ചെയ്യുന്നവനുമാണെന്നും, റഹീമിന്റെ ഉമ്മയുടെ കണ്ണീരോടെയുള്ള പ്രാർത്ഥനയാണ് ഇപ്പോൾ ഫലം കണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അബ്ദുൽ റഹീമിന്റെ മോചനത്തെയും ബലിപെരുന്നാളിന്റെ യഥാർത്ഥ സന്ദേശത്തെയും മുൻനിർത്തി കാന്തപുരം മനസ്സ് തുറന്നത്.
ബലിപെരുന്നാൾ എന്നത് വെറുമൊരു ആഘോഷം മാത്രമല്ലെന്നും വലിയ ത്യാഗത്തിന്റെ ഓർമ്മപ്പെടുത്തലാണെന്നും കാന്തപുരം ഓർമ്മിപ്പിച്ചു.”എത്ര വലിയ പരീക്ഷണങ്ങൾ നേരിട്ടാലും വിശ്വാസം മുറുകെ പിടിച്ചും നിയമങ്ങൾ അനുസരിച്ചും ജീവിക്കുന്നവർക്ക് ആത്യന്തിക വിജയമുണ്ടെന്ന പ്രതീക്ഷയുടെ സന്ദേശമാണ് ബലിപെരുന്നാൾ നൽകുന്നത്. ഏത് ദുർബല നിമിഷത്തിലും ഉന്മേഷം നേടാനും ധൈര്യം സംഭരിക്കാനും പ്രതിസന്ധികൾ തരണം ചെയ്യാനും ഇബ്‌റാഹീം നബി(അ)യുടെയും കുടുംബത്തിന്റെയും ജീവിത പാഠങ്ങൾ മനുഷ്യർ മാതൃകയാക്കണം. നാട്ടിൽ സമാധാനവും ഐക്യവും ഉണ്ടാകാൻ എല്ലാവരും ത്യാഗം ചെയ്യാൻ തയ്യാറാകണം. ജനങ്ങളുടെ ആരാധനാരീതികൾ വ്യത്യസ്തമാകാം, എന്നാൽ പരസ്പരമുള്ള സാഹോദര്യവും സഹകരണവും എല്ലാവരും എപ്പോഴും ഉറപ്പാക്കണം.” — കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു.
ഒരുമയും സാഹോദര്യവും ഉദാരതയും നിറഞ്ഞുനിൽക്കുന്ന ആരാധനകളാണ് പെരുന്നാളിന്റെ സവിശേഷതയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഹജ്ജും ബലികർമ്മവും പെരുന്നാൾ നിസ്കാരവുമെല്ലാം ഈ വലിയ മാനവിക മൂല്യങ്ങളാണ് വിളംബരം ചെയ്യുന്നത്. പശ്ചിമേഷ്യൻ സംഘർഷങ്ങൾ ലോകത്തെയാകെ പലവിധത്തിൽ അരക്ഷിതാവസ്ഥയിലാക്കിയ ഈ സാഹചര്യത്തിൽ, സാമ്പത്തിക പ്രയാസമനുഭവിക്കുന്നവരെ ചേർത്തുപിടിച്ചും ദുഃഖിതരെ ആശ്വസിപ്പിച്ചും വേണം ഓരോ വിശ്വാസിയും ഈ പെരുന്നാൾ ദിനങ്ങളെ അർത്ഥവത്താക്കേണ്ടതെന്നും കാന്തപുരം ഓർമ്മിപ്പിച്ചു. ലോകാരാധ്യനായ പ്രവാചകന്റെ സന്ദേശം ഉൾക്കൊണ്ട് നാടിന്റെ നന്മയ്ക്കായി എല്ലാവരും ഒന്നിച്ച് നിൽക്കേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




