രാജ്യത്ത് ഏത് വശത്തുനിന്നും മനുഷ്യരെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങൾ ഉണ്ടായാലും അതിനെ ഒത്തൊരുമയോടെ പരാജയപ്പെടുത്തണമെന്ന് പാളയം ഇമാം ഡോ. വി.പി. ശുഹൈബ് മൗലവി. ഈദ് ദിനത്തിൽ തിരുവനന്തപുരം പാളയം ജുമാ മസ്ജിദിൽ ഒത്തുകൂടിയ വിശ്വാസികളെ അഭിസംബോധന ചെയ്ത് പെരുന്നാൾ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. പരസ്പരമുള്ള സ്നേഹവും ആത്മബന്ധവും ഊട്ടിയുറപ്പിക്കേണ്ട സമയമാണിതെന്നും അമ്പലങ്ങളുടെയും പള്ളികളുടെയും പേര് പറഞ്ഞ് രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങൾ വിശ്വാസികൾ തിരിച്ചറിഞ്ഞ് പരാജയപ്പെടുത്തണമെന്നും ഇമാം ആഹ്വാനം ചെയ്തു. സഹോദര സമുദായങ്ങൾക്കെതിരെ വെറുപ്പ് പടർത്തുന്ന രീതിയിലുള്ള യാതൊരുവിധ പ്രചാരണങ്ങളും ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
കഴിഞ്ഞ വിഷു ദിനത്തിൽ മാംസാഹാരം മുൻനിർത്തി ചിലയിടങ്ങളിൽ നടന്ന അനാവശ്യ പ്രശ്നങ്ങളെയും അക്രമങ്ങളെയും ഇമാം ശക്തമായി അപലപിച്ചു. മറ്റുള്ളവർ ആരാധിക്കുന്ന വിഗ്രഹങ്ങളെയോ അവരുടെ വിശ്വാസങ്ങളെയോ നിങ്ങൾ ഒരിക്കലും അപമാനിക്കരുത്. കഴിഞ്ഞ വിഷു ദിനത്തിൽ മാംസാഹാരം വെച്ച് നടന്നതുപോലെയുള്ള അനാവശ്യ പ്രശ്നങ്ങൾ ഇനി ആരും സൃഷ്ടിക്കരുത്. തമാശയ്ക്ക് പോലും അത്തരം കാര്യങ്ങൾ ചെയ്തുപോകരുത്. പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി ആടിനെ അറുത്ത്, അതിന്റെ തല പരസ്യമായി വെച്ചുകൊണ്ടുള്ള ആഹ്ലാദപ്രകടനങ്ങൾ ഒന്നും തന്നെ നടക്കാൻ പാടില്ലാത്തതാണ്. നാമെല്ലാവരും സഹോദര്യത്തിന്റെയും മാനവികതയുടെയും വലിയ പ്രചാരകരാകണം ഇമാം പറഞ്ഞു.
വേനലവധിക്ക് ശേഷം സ്കൂളുകൾ തുറക്കാനിരിക്കുന്ന പശ്ചാത്തലത്തിൽ വിദ്യാഭ്യാസത്തിന്റെ യഥാർത്ഥ ലക്ഷ്യത്തെക്കുറിച്ചും ലഹരി വിപത്തിനെക്കുറിച്ചും ഇമാം സംസാരിച്ചു. കുട്ടികൾ വെറും അക്കാദമിക മികവ് മാത്രം നേടിയാൽ പോരാ, മറിച്ച് മൗലികമായ ബോധവും ധാർമ്മികതയും സംസ്കാരവുമുള്ള ഒരു ജനതയെ വളർത്തിയെടുക്കുകയാകണം വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. ഇന്ന് ലഹരി മാഫിയ സർവ്വവ്യാപിയായി മാറുകയാണ്. യുവതലമുറയെ ഇതിൽ നിന്ന് പിന്തിരിപ്പിക്കാൻ ലഹരിക്കെതിരെയുള്ള പോരാട്ടം ശക്തമായി തുടരണം. മയക്കുമരുന്നിനെതിരെ സംസ്ഥാന സർക്കാരും ആഭ്യന്തര വകുപ്പും നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ (Operation Toofan) പദ്ധതി തികച്ചും അഭിനന്ദനാർഹമാണ്. ഈ പദ്ധതിക്ക് പാളയം ജമാഅത്തിന്റെയും വിശ്വാസി സമൂഹത്തിന്റെയും എല്ലാവിധ പിന്തുണയും ഇമാം പ്രഖ്യാപിച്ചു.
കേരളത്തിൽ അടുത്തിടെ വലിയ ചർച്ചയായ ‘സി.ജെ.പി’ (CJP) എന്ന സാങ്കൽപ്പിക രാഷ്ട്രീയ പാർട്ടിയെക്കുറിച്ചുള്ള വാർത്തകളും അതിനോട് യുവത്വം പ്രതികരിച്ച രീതിയും ചില സുപ്രധാന സന്ദേശങ്ങൾ നൽകുന്നുണ്ടെന്ന് ഇമാം നിരീക്ഷിച്ചു. നാടിന്റെ ശക്തിയായ യുവാക്കളെ ആരും വിലകുറച്ചു കാണരുത്. പുതിയ തലമുറ പലരും വിചാരിക്കുന്നതുപോലെ ‘ആരാഷ്ട്രീയ യുവത്വം’ അല്ല. അതൊരു സാങ്കൽപ്പിക പാർട്ടി ആയിരുന്നിട്ടുപോലും, അവർ മുന്നോട്ടുവെച്ച പുരോഗമനപരമായ ആശയങ്ങളെ പിന്തുണയ്ക്കാൻ വലിയൊരു വിഭാഗം ജനം ഒപ്പം നിന്നു. പുതിയ തലമുറ കൂടുതൽ സമയവും ഇടപെടുന്നത് ഓൺലൈൻ ഇടങ്ങളിലായിരിക്കാം, പക്ഷേ അവർ ചുറ്റും നടക്കുന്ന എല്ലാ കാര്യങ്ങളും കൃത്യമായി അറിയുന്നുണ്ട്. അന്താരാഷ്ട്ര തലത്തിൽ ഇറാനിലും പലസ്തീനിലും എത്രയും വേഗം സമാധാനം നിലനിൽക്കട്ടെയെന്നും പാളയം ഇമാം തന്റെ പെരുന്നാൾ പ്രഭാഷണത്തിൽ ആശംസിച്ചു.




